ന്യൂഡല്‍ഹി; ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തെ പ്രമുഖരായ യൂബർ ഈറ്റ്സ് ഇന്ത്യയെ സ്വന്തമാക്കിയതായി ഓൺലൈൻ ഭക്ഷണ വിതരണ സ്റ്റാർട്ടപ്പായ സൊമാറ്റോ അറിയിച്ചു. യൂബറിന് സൊമാറ്റോയില്‍ 9.99 ശതമാനം ഓഹരി നല്‍കുമെന്നും സൊമാറ്റോ അറിയിച്ചു. 35 കോടി ഡോളറിന്‍റെ ഇടപാടാണ് യൂബർ ഈറ്റ്സിനെ സ്വന്തമാക്കിയതിലൂടെ നടന്നതെന്നാണ് റിപ്പോർട്ടുകൾ. 2017ലാണ് യൂബർ ഈറ്റ്സ് ഇന്ത്യയില്‍ ഭക്ഷണ വിതരണ ശൃംഖല ആരംഭിച്ചത്. എന്നാല്‍ സൊമാറ്റോ, സ്വഗ്ഗി അടക്കമുള്ള സ്റ്റാർട്ടപ്പുകളും പ്രാദേശിക സംരംഭങ്ങളും എത്തിയതോടെ യൂബർ ഈറ്റ്സിന് വിപണിയിലെ ആധിപത്യം നഷ്ടമായി. ഇന്ത്യയിലെ യൂബർ ഈറ്റ്സിന്‍റെ എല്ലാ പ്രവർത്തനങ്ങളും ഇനി സൊമാറ്റോയുടെ പ്ലാറ്റ്‌ഫോം വഴിയായിരിക്കും. യൂബർ ഈറ്റ്സിന്‍റെ ആപ്പും സൊമാറ്റോയിലേക്ക് മാറി.
ഇന്ത്യയിലെ അഞ്ഞൂറിലധികം നഗരങ്ങളിലേക്ക് ഭക്ഷ്യ വിതരണ വ്യാപാരം സൃഷ്ടിച്ചതിൽ അഭിമാനിക്കുന്നതായി സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ പറഞ്ഞു. ഈ ഏറ്റെടുക്കൽ ഈ വിഭാഗത്തിലെ ഞങ്ങളുടെ സ്ഥാനത്തെ ഗണ്യമായി ശക്തിപ്പെടുത്തുമെന്നും ദീപീന്ദർ ഗോയൽ പറഞ്ഞു.