അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ലയുടെ കാര്‍ സ്വന്തമാക്കണമെന്ന് ആഗ്രഹമുണ്ടെന്ന് പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ. പക്ഷേ ഒരു കണ്ടീഷൻ ഉണ്ട് അത് ഇതാണ്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്മാരിൽ ഒരാളായ വിജയ് ശേഖർ ശർമയുടെ ആവശ്യം ടെസ്‌ല ഇന്ത്യയിൽ ഫാക്ടറി ആരംഭിക്കണമെന്നാണ്.
Read More: ടെസ്‌ല കാറുകൾ എന്ന് ഇന്ത്യയിലെത്തും; മറുപടിയുമായി എലോണ്‍ മസ്‌ക്
ഇന്ത്യയിൽ എല്ലാവരുടെയും ഫാക്ടറികൾ ഉണ്ടാകണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും വിജയ് ശേഖർ ശർമ പറഞ്ഞു. അതേസമയം ഒലാ ക്യാബ്‌സ് സഹസ്ഥാപകമും സിഇഒയും ആയ ഭവിഷ് അഗർവാളും നേരത്തെ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
ഇറക്കുമതി തീരുവയിൽ ഇളവ് ആവശ്യപ്പെടാതെ ഇന്ത്യയിൽ ഫാക്ടറി ആരംഭിക്കാനുള്ള വിശ്വാസം കാണിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇന്ത്യ ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട ടെസ്‌ല സിഇഒ എലോണ്‍ മസ്‌കിന്‍റെ പ്രസ്താവന ഹുണ്ടായ് എംഡി എസ്എസ് കിം പിന്താങ്ങിയിരുന്നു.
ഇതിനെതിരെ ഭവിഷ് അഗർവാൾ രംഗത്തെത്തുകയും ചെയ്തു. കൂടാതെ നിരവധി പേർ എലോണ്‍ മസ്‌ക്കിന്‍റെ ആവശ്യത്തിനെതിരെ പ്രതികരിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്‌ക്കാനായി ടെസ്‌ല ഇന്ത്യയിൽ ലോബീയിംഗ് നടത്തുന്നുണ്ടെന്നാണ് വിമർശനം.
ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവയുടെ കാര്യത്തിൽ ലോകത്ത് തന്നെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ത്യയിലേത്. കൂടാതെ ക്ലീൻ എനർജി വാഹനങ്ങളെ സാധാരണ ഡീസൽ/ പെട്രോൾ വാഹനങ്ങളെ പോലെയാണ് പരിഗണിക്കുന്നത്.
ഇത് ഇന്ത്യയുടെ കാലാവസ്ഥാ സംരക്ഷണ ലക്ഷ്യങ്ങളുമായി ഒട്ടും പൊരുത്തപ്പെടുന്നതായി തോന്നുന്നില്ല എന്നായിരുന്നു എലോണ്‍ മസ്‌കിന്‍റെ പ്രതികരണം.