ന്യൂഡൽഹി: ജമ്മു കശ്മീരിൽ നിന്ന് വിവിധതരം കാർഷിക ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിനായി ശ്രീനഗറിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രം ആരംഭിക്കുമെന്ന് യുഎഇ ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പ് അറിയിച്ചു. യുഎഇ - ഇന്ത്യ ഭക്ഷ്യസുരക്ഷാ ഉച്ചകോടിക്കിടെ ജമ്മു കശ്മീർ സർക്കാർ പ്രിൻസിപ്പൽ സെക്രട്ടറി (കാർഷിക ഉൽപാദന, ഹോർട്ടികൾച്ചർ) നവീൻ കുമാർ ചൗധരിയുടെ നേതൃത്വത്തിലുളള പ്രതിനിധി സംഘവുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ചർച്ച നടത്തിയിരുന്നു. ഇതിന്‍റെ ഭാഗമായിട്ടാണ് തീരുമാനം.
ഗൾഫ് രാജ്യങ്ങളിലുടനീളമുള്ള ലുലു ഗ്രൂപ്പിന്‍റെ സൂപ്പർമാർക്കറ്റുകൾക്ക് ആപ്പിളും മറ്റ് പഴങ്ങളും വിതരണം ചെയ്യുന്നതിനായി ലുലു ഗ്രൂപ്പും ഫ്രൂട്ട് മാസ്റ്റർ അഗ്രോ ഫ്രെഷ് ജമ്മു കശ്മീരും തമ്മിൽ ധാരണാപത്രം ഒപ്പിട്ടതായി ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു.