ന്യൂഡൽഹി: ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്‍റെ (എച്ച്പിസിഎൽ) പെട്രോൾ പമ്പുകളിൽ ടാറ്റ പവർ വൈദ്യുതി വാഹന (ഇവി) ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. നഗരങ്ങളിലെയും ഹൈവെകളിലെയും എച്ച്പിസിഎൽ പമ്പുകളിലാവും ഇവി ചാർജിങ് സ്റ്റേഷനുകൾ ആരംഭിക്കുക. കരാർ പ്രകാരം ചാർജിങ് സ്റ്റേഷനായുള്ള അടിസ്ഥാന സൗകര്യങ്ങൾ ടാറ്റ സ്റ്റീൽ നൽകും.
Also Read:ആദായ നികുതി റിട്ടേൺ ഇനി പോസ്റ്റ് ഓഫിസിലും ഫയൽ ചെയ്യാം
ഇനി വൈദ്യുത വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ചാർജിങ്ങിനെക്കുറിച്ച് ആലോചിക്കാതെ അന്തർ നഗര യാത്രകൾ ചെയ്യാൻ സാധിക്കുമെന്ന് ടാറ്റ പവറും എച്ച്പിസിഎല്ലും സംയുക്തമായി ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചു. വൈദ്യുത വാഹനങ്ങൾക്കുള്ള ചാർജിങ്ങ് സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച നാഷണൽ ഇലക്ട്രിക് മൊബിലിറ്റി മിഷൻ പ്ലാൻ (എൻഎംഎംപി) അനുസരിച്ചാണ് എച്ച്പിസിഎൽ- ടാറ്റ പവറുമായി സഹകരിക്കുന്നത്.
ചാർജിങ്ങ് സ്റ്റേഷനുകളുടെ വികസനം വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ടാറ്റ പവറുമായി സഹകരിക്കുന്നതിലൂടെ എച്ച്പിസിഎൽ പെട്രോൾ പമ്പുകളിൽ വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യവും ലഭിക്കും. രാജ്യത്തെ പ്രധാന കോർപ്പറേറ്റുകളെല്ലാം വൈദ്യുതി വാഹന മേഖലയിലേക്കും ഹരിത സമ്പദ്‌വ്യവസ്ഥയിലേക്കും മാറുന്ന സാഹചര്യത്തിലാണ് ടാറ്റയുടെ പുതിയ നീക്കം. നിലവിൽ നൂറിലധികം നഗരങ്ങളിലായി ടാറ്റാ പവറിന് 500 ഓളം പബ്ലിക് ചാർജിങ് സ്റ്റേഷനുകളും എച്ച്പിസിഎല്ലിന് 18,000 റീട്ടെയിൽ ഔട്ട്‌ലെറ്റുകളും ഉണ്ട്.