കേരളം

kerala

ETV Bharat / business

75,000 കോടിയുടെ നിക്ഷേപം ; പ്രഖ്യാപനങ്ങളുമായി മുകേഷ് അംബാനി - മുകേഷ് അംബാനി

ഹരിത ഊര്‍ജമേഖലയിലേക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസ്.

reliance industries agm major announcement  reliance industries  jio nest google phone  75000 crore in clean energy  മുകേഷ് അംബാനി  റിലയൻസ് ഇൻഡസ്ട്രീസ്
75,000 കോടി രൂപയുടെ നിക്ഷേപം; പുതിയ പ്രഖ്യാപനങ്ങളുമായി മുകേഷ് അംബാനി

By

Published : Jun 24, 2021, 6:03 PM IST

Updated : Jun 24, 2021, 8:20 PM IST

മുംബൈ :റിലയൻസ് ഇൻഡസ്ട്രീസിന്‍റെ 44-ാമത് വാർഷിക പൊതുയോഗത്തിൽ വലിയ പ്രഖ്യാപനങ്ങളുമായി ചെയർമാൻ മുകേഷ് അംബാനി. ഇന്ത്യയെ 2ജി മുക്തമാക്കുക മാത്രമല്ല 5ജി യുക്ത് ആക്കുകയാണ് റിലയൻസിന്‍റെ ലക്ഷ്യമെന്നും മുകേഷ് അംബാനി പറഞ്ഞു. ഹരിത ഊർജ മേഖലയിലേക്കുള്ള റിലയൻസിന്‍റെ വരവാണ് പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്ന്.

Also Read: ജീവനക്കാർക്ക് ഒരാഴ്‌ച ശമ്പളത്തോടെ അവധി നൽകി ഡേറ്റിംഗ് ആപ് ബംബിൾ

ആരാംകോ ചെയർമാൻ ര്യാസിർ അൽ റുമയ്യൻ റിലയൻസ് ബോർഡിലേക്ക് എത്തുന്നതും ഗൂഗിളുമായി സഹകരിച്ചുള്ള പദ്ധതികളും മറ്റ് പ്രധാന പ്രഖ്യാപനങ്ങളാണ്.

കഴിഞ്ഞ വർഷം 5,40,400 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. 3,24,432 കോടി രൂപയാണ് റിലയൻസ് ഇക്യുറ്റി വില്പനയിലൂടെ സമാഹരിച്ചത്. കമ്പനിയുടെ കണ്‍സ്യൂമർ ബിസിനസ് ആണ് ഏറ്റവും അധികം നേട്ടമുണ്ടാക്കിയത്.

കഴിഞ്ഞ വർഷം 75,000 പേർക്കാണ് റിലയൻസ് ഇന്‍റസ്ട്രീസ് ജോലി നൽകിയത്. കൊവിഡ് സാഹചര്യത്തിൽ പോലും കമ്പനി ജീവനക്കാരുടെ ശമ്പളമോ ആനുകൂല്യങ്ങളോ കുറച്ചില്ലെന്നും റിലയൻസ് അറിയിച്ചു. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ഓണ്‍ലൈനായാണ് വാർഷിക പൊതുയോഗം നടക്കുന്നത്.

ഹരിത ഊർജ മേഖലയിലെ നിക്ഷേപം

അടുത്ത മൂന്ന് കൊല്ലം കൊണ്ട് 75,000 കോടി രൂപയുടെ നിക്ഷേപം ആണ് ഹരിത ഊർജ മേഖലയിൽ റിലയൻസ് ഇൻഡസ്ട്രീസ് ലക്ഷ്യമിടുന്നത്. അതിന്‍റെ ഭാഗമായി ജാംനഗറിൽ 5000 ഏക്കറിൽ ധീരുബായ് അംബാനി ഗ്രീൻ എനര്‍ജി കോംപ്ലക്‌സ് സ്ഥാപിക്കും.

മൂന്ന് ജിഗാ ഫാക്ടറികളാകും കോംപ്ലക്‌സിൽ ഉണ്ടാവുക. സോളാർ എനർജിയിലെ നിക്ഷേപങ്ങളുടെ ഭാഗമായി ഇന്‍റഗ്രേറ്റഡ് ഫോട്ടോവോൾട്ടിക് മൊഡ്യൂൾ ഫാക്ടറി, എനർജി സ്റ്റോറേജ് ബാറ്ററി ഫാക്ടറി, ഗ്രീൻ ഹൈഡ്രജൻ ഫാക്ടറി എന്നിവയാണ് സ്ഥാപിക്കുക.

ഗൂഗിളുമായി ചേർന്ന് വില കുറഞ്ഞ സ്മാർട്ട് ഫോണ്‍

ഗൂഗിളുമായി സഹകരിച്ച് റിലയൻസ് പുറത്തിറക്കുന്ന ജിയോ ഫോണ്‍ നെക്സ്റ്റ് സെപ്റ്റംബര്‍ 10ന് പുറത്തിറങ്ങും. ജിയോയ്‌ക്ക് വേണ്ടി ഗൂഗിള്‍ വികസിപ്പിച്ച പ്രത്യേക ആൻഡ്രോയ്ഡ് ഒഎസ് ആണ് നെസ്റ്റിൽ ഉപയോഗിക്കുന്നത്.

Also Read: കാല്‍പന്തിന്‍റെ ലോകത്തെ മിശിഹക്ക് ജന്മദിനം; മെസി@ 34

ഇപ്പോഴും 2ജിയിൽ തുടരുന്ന ഉപഭോക്താക്കളെ 4ജിയിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് നെക്സ്റ്റ് ഫോണുകൾ അവതരിപ്പിക്കുന്നത്. 5ജി ടെക്നോളജി വികസിപ്പിക്കുന്നതിന് ഗൂഗിളുമായി സഹകരിക്കാനും റിലയൻസ് തീരുമാനിച്ചു.

അതേസമയം ഏറെ പറഞ്ഞുകേട്ട റിലയൻസിന്‍റെ വിലകുറഞ്ഞ 5ജി സ്മാർട്ട് ഫോണ്‍, ജിയോ ലാപ്ടോപ്പ് എന്നിവയെക്കുറിച്ച് സൂചനകളൊന്നും ഉണ്ടായില്ല.

ആരാംകോയുമായുള്ള സഹകരണം

റിലയൻസും എണ്ണക്കമ്പനി ആരാംകോയുമായുള്ള സഹകരണം ഈ വർഷം അവസാനത്തോടെ ഔപചാരികമായി നിലവിൽ വരും. അതിന്‍റെ ഭാഗമായി ആരാംകോ ചെയർമാൻ ര്യാസിർ അൽ റുമയ്യനെ റിലയൻസിന്‍റെ ഡയറക്ടർ ബോര്‍ഡ് അംഗമായി നിയമിച്ചു.

ലോകത്തെ ഏറ്റവും മികച്ച എണ്ണ കയറ്റുമതി സ്ഥാപനമായ ആരാംകോയ്ക്ക് റിലയൻസ് തങ്ങളുടെ ഓയിൽ-ടു-കെമിക്കൽസ് ബിസിനസിലെ 20 ശതമാനം ഓഹരികൾ വിൽക്കുമെന്ന് 2019ൽ പ്രഖ്യാപിച്ചിരുന്നു.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായം

കൊവിഡ് ബാധിച്ച് മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് റിലയൻസ് 10 ലക്ഷം രൂപ ധനസഹായം നൽകും. തുടർന്ന് അഞ്ച് വർഷത്തേക്ക് ആ ജീവനക്കാരുടെ ശമ്പളവും കമ്പനി നൽകും.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവും കമ്പനി ഏറ്റെടുക്കും. കുടുംബാംഗങ്ങൾക്ക് ചികിത്സ സൗകര്യവും റിലയൻസ് നൽകും. വിദ്യാഭ്യാസ മേഖലയിലെ റിലയൻസിന്‍റെ പദ്ധതിയായ ജിയോ ഇൻസ്റ്റിറ്റ്യൂട്ട് ഈ വർഷം നവി മുംബൈയിൽ പ്രവർത്തനം ആരംഭിക്കും.

Last Updated : Jun 24, 2021, 8:20 PM IST

ABOUT THE AUTHOR

...view details