ന്യൂഡല്‍ഹി: രാജ്യത്ത് വാഹന വില്‍പനയില്‍ ഉണ്ടായിരുന്ന ഇടിവിനെ തുടര്‍ന്ന് മൂവ്വായിരം താല്‍ക്കാലിക ജീവനക്കാരെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി പിരിച്ചുവിട്ടു. കമ്പനി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവയാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.
3000 താല്‍ക്കാലിക ജീവനക്കാരെ മാരുതി സുസുക്കി പിരിച്ചുവിട്ടു
ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദമോ നാലാം പാദമോ മുതല്‍ ഈ നീക്കത്തിന്‍റെ ഫലം കണ്ട് തുടങ്ങുമെന്ന് കമ്പനി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ വെളിപ്പെടുത്തി
വ്യാപാരത്തിന്‍റെ ഭാഗമാണ് പുതിയ തീരുമാനം. തൊഴിലാളികളെ ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ കൂടുതല്‍ കരാര്‍ തൊഴിലാളികളെ നിയമിക്കും. ഡിമാന്‍റ് കുറയുന്ന അവസരങ്ങളില്‍ ഇവരെ പിരിച്ച് വിടാനുള്ള അവകാശം കമ്പനിക്കുണ്ട്. സ്ഥിരമായി നിയമിച്ചിരിക്കുന്ന തൊഴിലാളികളെ പുതിയ നടപടി ബാധിക്കില്ലെന്നും ഈ സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദമോ നാലാം പാദമോ മുതല്‍ ഈ നീക്കത്തിന്‍റെ ഫലം കണ്ട് തുടങ്ങുമെന്നും ഭാര്‍ഗവ പറഞ്ഞു.
2021 സാമ്പത്തിക വര്‍ഷമാകുമ്പോഴേക്കും വിപണി തിരിച്ച് പിടിക്കാമെന്നപ്രതീക്ഷയിലാണ് കമ്പനി. വരാനിരിക്കുന്ന ഉത്സവ സീസണുകളിലും കമ്പനി വലിയ നേട്ടമാണ് പ്രതീക്ഷിക്കുന്നത് വിഷയത്തില്‍ സര്‍ക്കാര്‍ വേണ്ടവിധം ഇടപെട്ടാല്‍ പ്രതിസന്ധിയെ തരണം ചെയ്യാന്‍ സാധിക്കുമെന്നും ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു.