കൊവിഡ് കാലത്ത് ജീവനക്കാർക്ക് പ്രത്യേക ബോണസ് പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്. എല്ലാ ജീവനക്കാർക്കും 1,500 ഡോളർ (ഏകദേശം 1.12 ലക്ഷം രൂപ) ആണ് ബോണസ് നൽകുക. 2021 മാർച്ച് 31ന് മുമ്പ് കമ്പനിയിലെത്തിയ കോർപ്പറേറ്റ് വൈസ് പ്രസിഡന്‍റ് പദവിയ്‌ക്ക് താഴെ ജോലി ചെയ്യുന്ന ജീവനക്കാർക്കാണ് ബോണസ് നൽകുക.
Also Read: ആരും നോക്കും പിന്നഴക്; ഫീച്ചർ ഫോണുകൾ അവതരിപ്പിച്ച് റിയൽമി
പാർട്ട് ടൈം തൊഴിലാളികൾക്കും മണിക്കൂർ വേദനത്തിൽ ജോലി ചെയ്യുന്നവർക്കും മൈക്രോസോഫ്റ്റ് ബോണസ് നൽകും. മൈക്രോസോഫ്റ്റിന് ലോകമെമ്പാടുമായി 175,508 ജീവനക്കാരുണ്ട്. എന്നാൽ മൈക്രോസോഫ്‌റ്റിന്‍റെ അനുബന്ധ സ്ഥാപനങ്ങളായ ലിങ്ക്ഡ്ഇൻ, ജിറ്റ്ഹബ്, സെനിമാക്സ് എന്നിവയിലെ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ചിട്ടില്ല.
എല്ലാ ജീവനക്കാർക്കുമായി മൈക്രോസോഫ്റ്റ് 200 മില്യണ്‍ ഡോളർ അഥവാ രണ്ട് ദിവസത്തിൽ താഴെയുള്ള ലാഭ വിഹിതമാണ് ബോണസായി നൽകുന്നത്. 170ഓളം രാജ്യങ്ങളിൽ മൈക്രോസോഫ്റ്റ് പ്രവർത്തിക്കുന്നുണ്ട്. നേരത്തെ ഫേസ്ബുക്ക് 45,000 ജീവനക്കാർക്ക് 1,000 ഡോളർ വീതവും ആമസോൺ മുൻനിര തൊഴിലാളികൾക്ക് 300 ഡോളർ ഹോളിഡേ ബോണസും നൽകിയിരുന്നു.