മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്‍റെ 52ആം വാർഷികമായിരുന്നു ജൂലൈ 20ന്. എന്നാൽ 2021 ജൂലൈ 20 ചരിത്രത്തിലിടം നേടുന്നത് ആമസോണ്‍ സ്ഥാപകനും ലോക സമ്പന്നരിൽ ഒന്നാമനുമായ ജെഫ് ബെസോസിന്‍റെ ബഹികാരാശ യാത്രകൊണ്ടാകും. ബഹിരാകാശ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ബെസോസ് തന്‍റെ യാത്രയെ വിവരിച്ചത് മൂന്ന് വാക്കുകൾ കൊണ്ടാണ്. ബെസ്റ്റ് ഡേ എവർ.... ഏറ്റവും മികച്ച ദിനം.
Also Read:ബഹിരാകാശം കാണാൻ സന്തോഷ് ജോർജ് കുളങ്ങര, യാത്ര മലയാളികൾക്ക് വേണ്ടി: ചെലവ് 1.8 കോടി രൂപ
യുഎസിലെ വെസ്റ്റ് ടെക്സസിൽ നിന്ന് ചൊവ്വാഴ്‌ച ഇന്ത്യൻ സമയം വൈകിട്ട് 6.43ന് ആണ് സ്വന്തം കമ്പനിയായ ബ്ലൂ ഒർജിന്‍റെ ബൂസ്റ്റർ റോക്കറ്റ് ബെസോസിന്‍റെയും സംഘത്തിന്‍റെയും ക്യാപ്‌സ്യൂളുമായി പറന്നുയർന്നത്. 10 മിനിട്ട് 21 സെക്കന്‍റിൽ ബെസോസും സംഘവും യാത്ര പൂർത്തിയാക്കി. നിയന്ത്രിക്കാൻ പൈലറ്റോ മറ്റ് വിദഗ്‌ദരോ ഇല്ലാതെയാണ് നാലംഗ സംഘം ബഹികാരാശ യാത്ര നടത്തിയത്.
ഏറ്റവും പ്രായും കൂടിയ ബഹികാരാശ യാത്രികയും, പ്രായം കുറഞ്ഞ യാത്രികനും ജെഫ് സംഘത്തിന്‍റെ പ്രത്യേകതയായിരുന്നു. രണ്ടായിരത്തിലാണ് ബഹിരാകാശ ടുറിസം എന്ന ലക്ഷ്യത്തോടെ ജെഫ് ബെസോസ് ബ്ലൂ ഒർജിൻ സ്പേസ് കമ്പനിക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ ജൂലൈ 11ന് ആണ് ശതകോടീശ്വരൻ റിച്ചാർഡ് ബ്രാൻസൺ ലോകത്ത് ആദ്യമായി ബഹിരാകാശത്തേക്ക് കൊമേഴ്സ്യൽ ഫ്ലൈറ്റ് യാത്ര നടത്തിയത്. റിച്ചാർഡ് ബ്രാൻസണിന്‍റെ വിർജിൻ ഗ്യാലക്ടിക്കിലാണ് മലയാളിയായ സന്തോഷ് ജോർജ് കുളങ്ങര ബഹിരാകാശ യാത്രയ്‌ക്ക് തയ്യാറെടുക്കുന്നത്.