ന്യൂഡല്‍ഹി:ആപ്പിളിന്‍റെ മാക്ബുക്ക് പ്രോയുടെ ചില മോഡലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന ചില വിദേശ വിമാനങ്ങള്‍. ഉല്‍പന്നത്തിന്‍റെ ബാറ്ററി പൊട്ടിത്തെറിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് വിലക്ക്. എയര്‍പോര്‍ട്ടില്‍ ചെക് ഇന്‍ ചെയ്യുന്ന സമയത്ത് തന്നെ മാക്ബുക്ക് പ്രോയ്ക്കുള്ള അനുമതി അധികൃതര്‍ നിഷേധിക്കും.
മാക്ബുക്ക് പ്രോക്ക് വിലക്കേര്‍പ്പെടുത്തി വിദേശ എയര്‍ലൈന്‍സുകള്‍ - മാക്ബുക്ക് പ്രോ
2015 സെപ്റ്റംബറിനും 2017 ഫെബ്രുവരിക്കും ഇടയില്‍ പ്രധാനമായും വിറ്റഴിച്ചിരുന്ന റെറ്റിന ഡിസ്‌പ്ലേയോടുകൂടിയ മാക് ബുക്ക് പ്രോകള്‍ക്കാണ് വിലക്ക്
ബാറ്ററി അമിതമായി ചൂടാവാനും പൊട്ടിത്തെറിക്കാനും സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പഴയ 15 ഇഞ്ച് മാക്ക് ബുക്ക് പ്രോ ലാപ്‌ടോപ്പുകള്‍ ആപ്പിള്‍ തിരിച്ചു വിളിച്ചിരുന്നു. 2015 സെപ്റ്റംബറിനും 2017 ഫെബ്രുവരിക്കും ഇടയില്‍ പ്രധാനമായും വിറ്റഴിച്ചിരുന്ന റെറ്റിന ഡിസ്‌പ്ലേയോടുകൂടിയ മാക് ബുക്ക് പ്രോകളിലാണ് ബാറ്ററി പ്രശ്‌നമുള്ളതായി കമ്പനി കണ്ടെത്തിയിരുന്നത്.
ആപ്പിളിന്‍റെ മുന്നറിയിപ്പിനുശേഷം ഈ മാസം ആദ്യം യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയും അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും വിമാനക്കമ്പനികളോട് അതനുസരിച്ച് നടപടിയെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഈ നടപടി ഇന്ത്യയിലേക്കും എത്തുന്നത്. പുതിയ നടപടി പരിശോധിച്ച് ആവശ്യമെങ്കില്‍ ഇന്ത്യയിലെ ആഭ്യന്തര സര്‍വീസുകളിലും ഇതിന് സമാനമായ നടപടി സ്വീകരിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പറഞ്ഞു.