ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ സ്റ്റീല്‍ വസ്തുക്കള്‍ക്കുള്ള ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ സാധ്യത. ഇന്ത്യന്‍ സ്റ്റീല്‍ അസോസിയേഷന്‍റെ നിര്‍ദേശ പ്രകാരമാണ് ഇത്തരത്തിലുള്ള നീക്കത്തിന് സാധ്യതയേറുന്നത്. അവശ്യമല്ലാത്ത സ്റ്റീൽ വസ്തുക്കളായ 'ഹോട്ട് റോൾഡ് ഇനങ്ങൾ, കളർ കോട്ടുചെയ്ത ഉരുക്ക്' എന്നിവ ഇറക്കുമതി ഇന്ത്യ നിരുത്സാഹപ്പെടുത്തണമെന്നാണ് സ്റ്റീല്‍ അസോസിയേഷന്‍റെ നിര്‍ദേശം.
ബജറ്റ് 2019; സ്റ്റീല്‍ വസ്തുക്കള്‍ക്ക് ഇറക്കുമതി തീരുവ ഉയര്‍ത്താന്‍ സാധ്യത - സ്റ്റീല്‍
ഇന്ത്യന്‍ സ്റ്റീല്‍ അസോസിയേഷന്‍റെ നിര്‍ദേശ പ്രകാരമാണ് ഇത്തരത്തിലുള്ള നീക്കത്തിന് സാധ്യതയേറുന്നത്

ഇന്ത്യയിലെ എല്ലാ പ്രമുഖ പൊതു- സ്വകാര്യ സ്റ്റീൽ സംരംഭങ്ങളെയും അസോസിയേഷൻ പ്രതിനിധീകരിക്കുന്നുണ്ട്. അമേരിക്കയും ചൈനയും തമ്മില്‍ നടക്കുന്ന വ്യാപാര യുദ്ധവും, യൂറോപ്യൻ യൂണിയൻ, കാനഡ, തുർക്കി തുടങ്ങിയ രാജ്യങ്ങളുടെ സംരക്ഷണ നടപടികളും ആഗോള സ്റ്റീൽ വ്യവസായത്തെ ബാധിക്കുന്നുണ്ടെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇറക്കുമതി തീരുവ ഉയര്‍ത്തുന്നത് വഴി അനാവശ്യമായ സ്റ്റീല്‍ ഇറക്കുമതി നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് അസോസിയേഷന്‍റെ നിഗമനം.
അതേ സമയം പെറ്റ്‌കോക്ക്, കല്‍ക്കരി എന്നിവയുടെ കസ്റ്റംസ് തീരുവ കുറക്കാനും അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ 2.5 ശതമാനമാണ് ഇവയുടെ കസ്റ്റംസ് തീരുവ. സ്റ്റീല്‍ നിര്‍മ്മാണത്തിനാവശ്യമായ വസ്തുക്കളുടെ ഇറക്കുമതി തീരുവ ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.