ന്യൂഡൽഹി: കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പാർസൽ ഭക്ഷണത്തിനായും ഡിമാൻഡ് വർധിക്കുന്നതിനാൽ സോമാറ്റോയുടെ പാർസൽ സേവനങ്ങൾ ഇനി സീറോ കമ്മിഷൻ നിരക്കിൽ റെസ്റ്റോറന്‍റുകളിൽ ലഭ്യമായിരിക്കുമെന്ന് സൊമാറ്റോ അറിയിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഓർഡറിന്‍റെ അളവ് 200 ശതമാനത്തിലധികം വർധിച്ചതോടെ തങ്ങളുടെ ആപ്ലിക്കേഷനിലെ പാർസൽ സേവനം വളരെയധികം വളർച്ച കൈവരിച്ചെന്നും 55,000-ലധികം റെസ്റ്റോറന്‍റുകൾ ഇതിനകം പാർസൽ സേവനങ്ങൾ നൽകുന്നുണ്ടെന്നും സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ പറഞ്ഞു.
പാർസൽ സേവനങ്ങളുടെ ചാർജ് ഒഴിവാക്കി സൊമാറ്റൊ - സൊമാറ്റൊ പാർസൽ
കഴിഞ്ഞ ഏതാനം മാസങ്ങളിലെ കണക്കനുസരിച്ച് സൊമാറ്റോയിലെ പാർസൽ സേവനങ്ങളിൽ 200 ശതമാനത്തോളം വളർച്ചയാണ് ഉണ്ടായതെന്നാണ് കമ്പനി പറയുന്നത്.
മാർച്ചിൽ ആദ്യത്തെ ലോക്ക്ഡൗൺ ആരംഭിച്ചതിനുശേഷം തങ്ങൾ 13 കോടിയിലധികം ഓർഡറുകൾ ഉപയോക്താക്കൾക്ക് എത്തിച്ചുനൽകിയിട്ടുണ്ടെന്നും ഭക്ഷണത്തിലൂടെയോ പാക്കേജിംഗിലൂടെയോ കൊവിഡ് പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കമ്പനി അവകാശപ്പെടുന്നു. ഉപയോക്താക്കൾക്ക് തങ്ങളുടെ ആപ്ലിക്കേഷന്‍റെ ഹോം പേജിലെ പ്രസക്തമായ ഫിൽട്ടറുകൾ ഉപയോഗിച്ച് പാർസൽ വാഗ്‌ദാനം ചെയ്യുന്ന എല്ലാ റെസ്റ്റോറന്‍റുകളിലും തെരയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് വ്യാപനം തടയാനായി എല്ലാ സുരക്ഷാ നടപടികളും പിന്തുടരുകയും മാസ്‌ക്കുകൾ ധരിക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ഓർഡറുകൾ സ്വീകരിക്കുമ്പോൾ സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും സൊമാറ്റോ പറഞ്ഞു.