ന്യൂഡൽഹി : പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്ക് (പിഎംസി) സെൻട്രം ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് ഉടൻ ഏറ്റെടുക്കുമെന്ന് റിസർവ് ബാങ്ക് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.
ചെറുകിട ധനകാര്യ ബാങ്ക് (എസ്‌എഫ്‌ബി) രൂപീകരിക്കുന്നതിന് സെൻട്രം ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന് റിസർവ് ബാങ്ക് തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നും റിസർവ് ബാങ്ക് കോടതിയിൽ അറിയിച്ചു.
Read More:പിഎംസി അഴിമതി; ബാങ്കിങ് മേഖലയുടെ വിശ്വാസം തിരികെപിടിക്കണം
പിഎംസി ബാങ്കിന്‍റെ പണം പിൻവലിക്കൽ പരിധി ചോദ്യം ചെയ്‌ത് ബെജോൺ കുമാർ മിശ്ര സമർപ്പിച്ച ഹർജിയിലാണ് കോടതി ആര്‍ബിഐയോട് വിശദീകരണം തേടിയത്.
ഹർജി അടുത്ത മാസം കോടതി വീണ്ടും പരിഗണിക്കും. പിഎംസി ഏറ്റെടുക്കുന്നതിനാണ് ചെറുകിട ധനകാര്യ സ്ഥാപനം തുടങ്ങാൻ സെൻട്രം ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡിന് റിസർവ് ബാങ്ക് അനുമതി നൽകിയത്. ഭരത്പെയുടെ റെസിലൈന്‍റ് ഇന്നൊവേഷൻസുമായി ചേർന്നാണ് സെൻട്രം പിഎംസി ഏറ്റെടുക്കുന്നത്.
Also Read: ഏറ്റവും വലിയ ഇരുചക്ര നിർമാണ ഫാക്ടറി; ബാങ്ക് ഓഫ് ബറോഡയുമായി വായ്‌പാ കരാറിൽ ഒപ്പിട്ട് ഒല
1800 കോടി രൂപയാണ് ഇരു കമ്പനികളും ചേർന്ന് പിഎംസിയിൽ നിക്ഷേപിക്കുക. പിഎംസിയിലെ 4,355 കോടി രൂപയുടെ തട്ടിപ്പ് പുറത്തുവന്നതിനെ തുടർന്നാണ് റിസർവ് ബാങ്ക് നിക്ഷേപം പിൻവലിക്കൽ പരിധി 40,000 രൂപയാക്കിയത്.
എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ നിക്ഷേപകർക്ക് 5 ലക്ഷം രൂപ വരെ പിൻവലിക്കാമെന്ന് റിസർവ് ബാങ്ക് നേരത്തേ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2019 സെപ്റ്റംബറിലാണ് റിസർവ് ബാങ്ക് പിഎംസിയുടെ നിയന്ത്രണം ഏറ്റെടുത്തത്.