ന്യൂഡൽഹി: ടാറ്റാ കമ്പനികളുടെ പ്രധാന ഹോൾഡിംഗ് കമ്പനിയും പ്രൊമോട്ടറുമായ ടാറ്റ സൺസിനെ പബ്ലിക് ലിമിറ്റഡ് കമ്പനിയിൽ നിന്ന് സ്വകാര്യ കമ്പനിയാക്കി മാറ്റുന്നത് നിയമ വിരുദ്ധമെന്ന് നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ(എൻസിഎൽടി) അറിയിച്ചു.
പുറത്താക്കപ്പെട്ട സൈറസ് മിസ്‌ത്രിയെ ടാറ്റാ സൺസിന്‍റെ ചെയർമാനായി പുനഃസ്ഥാപിക്കാനും ഇന്നലെ എൻസിഎൽടി ഉത്തരവിട്ടിരുന്നു. കമ്പനിയെ ഒരു സ്വകാര്യ കമ്പനിയാക്കാൻ അനുവദിക്കുന്നതിനുള്ള രജിസ്‌റ്റർ ഓഫ് കമ്പനി ആക്‌ട്(ആർഒസി) 2013 ലെ കമ്പനി ആക്റ്റിന് ഘടക വിരുദ്ധമാണെന്നും ന്യൂനപക്ഷ അംഗങ്ങളേയും (ഷാപൂർജി പല്ലോഞ്ചി ഗ്രൂപ്പ്) നിക്ഷേപകരേയും മുൻവിധിയോടെ സമീപിക്കുന്നതും അടിച്ചമർത്തുന്നതുമാണെന്ന് എൻസിഎൽടി അറിയിച്ചു.
മിസ്‌ത്രി പുറത്താക്കപ്പെട്ട് മാസങ്ങൾക്കുശേഷം 2017 സെപ്റ്റംബറിൽ ടാറ്റാ സൺസിന് ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയിൽ നിന്നും സ്വയം ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറുന്നതിന് ഓഹരി ഉടമകളുടെ അനുമതി ലഭിച്ചിരുന്നു. ഇതുവഴി ഷെയർഹോൾഡർമാരുടെ സമ്മതമില്ലാതെ തന്നെ ബോർഡിന്‍റെ അംഗീകാരത്തോടെ നിർണായക തീരുമാനങ്ങൾ എടുക്കുന്നതിന് സാധിക്കും.
തുടക്കത്തിൽ സ്വകാര്യ കമ്പനി ആയിരുന്നു ടാറ്റാ സൺസ് ലിമിറ്റഡ് 1956 ലെ കമ്പനി ആക്റ്റിൽ സെക്ഷൻ 43 എ (1 എ) ഉൾപ്പെടുത്തിയ ശേഷം, ശരാശരി വാർഷിക വിറ്റുവരവ് കണക്കിലെടുത്ത് 1975 ഫെബ്രുവരി 1 മുതൽ ഒരു ഡീമ്‌ഡ് പബ്ലിക് കമ്പനിയായതായി ഉത്തരവിൽ പറയുന്നു.
2013 സെപ്റ്റംബറിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ സർക്കുലറിന്‍റെ അടിസ്ഥാനത്തിൽ ആർഒസിയിൽ നിന്ന് നേരിട്ട് വാങ്ങിയ അനുമതി പ്രകാരം കമ്പനിക്ക് സ്വകാര്യ കമ്പനിയാകാമെന്ന് ടാറ്റാ സൺസിന്‍റെ അഭിഭാഷകൻ വാദിച്ചിരുന്നുവെങ്കിലും, ഈ സർക്കുലറിന് 2013 ലെ 14-ാം വകുപ്പിലെ സുപ്രധാന വ്യവസ്ഥകളെ അസാധുവാക്കാൻ കഴിയില്ലെന്ന് എൻസിഎൽടി വിധിച്ചു.
1956 ലെ കമ്പനി നിയമത്തിലെ സെക്ഷൻ 43 എ (4) അനുസരിച്ച് 13 വർഷത്തിലേറെയായി ടാറ്റാ സൺസ് ഒരു നടപടിയും സ്വീകരിച്ചില്ല എന്നും അപ്പീൽ ട്രൈബ്യൂണൽ നിരീക്ഷിച്ചു. 2013 കമ്പനി ആക്‌ട് 2014 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്നിട്ടും മൂന്ന് വർഷത്തിലേറെയായി സെക്ഷൻ 14 പ്രകാരം ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ട്രൈബ്യൂണൽ അറിയിച്ചു. കമ്പനി ആക്‌ട് 2013 ലെ സെക്ഷൻ 14 (2) പ്രകാരം പബ്ലിക് കമ്പനിയിൽ നിന്ന് സ്വകാര്യ കമ്പനിയായി പരിവർത്തനം ചെയ്യുന്നതിന് ഇതുവരെ ഒരു അപേക്ഷയും ട്രൈബ്യൂണലിന് മുന്നിൽ സമർപ്പിച്ചിട്ടില്ല എന്നും ഉത്തരവിൽ പറയുന്നു.