ന്യൂഡൽഹി: മൊബൈൽ ഫോൺ ഉപഭോക്താക്കൾക്ക് നവംബർ 4 മുതൽ 10 വരെ മൊബൈൽ നമ്പർ പോർട്ട് ചെയ്യുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കില്ലെന്ന് ട്രായ് (ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) അറിയിച്ചു. പുതിയതും ലളിതവുമായ പോർട്ട് ഔട്ട് രീതി നവംബർ 11ന് നിലവിൽ വരുന്നത് വരെയാണ് തടസം തുടരുക.
നവംബർ 4 മുതൽ 10 വരെ പോർട്ട് ഔട്ട് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കില്ല - മൊബൈൽ ഉപഭോക്താക്കൾ
പുതിയ എംഎൻപി പോർട്ട് ഔട്ട് നിയമപ്രകാരം മൊബൈൽ നമ്പർ പോർട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലും ലളിതവുമായ രീതിയിലാക്കാനാണ് ലക്ഷ്യമെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു.
നിലവിലെ എംഎൻപി രീതിയനുസരിച്ച് ഉപഭോക്താക്കൾക്ക് യൂണീക് പോർട്ടിങ് കോഡ് (യുപിസി) ലഭിക്കാനും പോർട്ട് ചെയ്യുന്നതിലുള്ള അപേക്ഷകൾ സമർപ്പിക്കാനും നവംബർ 4 വൈകിട്ട് ആറ് മണി വരെ സമയമുണ്ട്. നവംബർ 11 ന് പുതിയ പോർട്ടിങ് രീതി നിലവിൽ വന്നതിനുശേഷം കോഡ് ലഭിക്കുന്നതിനായി ഉപഭോക്താക്കൾക്ക് ശ്രമിക്കാവുന്നതാണ്. അതിനിടയിലുള്ള നവംബർ 4 മുതൽ 10 വരെ സേവനം ലഭിക്കാത്ത കാലയളവായതിനാൽ ഉപഭോക്താക്കൾക്ക് യുപിസി ലഭിക്കുകയില്ലെന്ന് ട്രായ് അറിയിച്ചു.
മൊബൈൽ നമ്പർ പോർട്ടബിലിറ്റി (എംഎൻപി) അനുസരിച്ച് മൊബൈൽ നമ്പർ മാറാതെ തന്നെ ഉപഭോക്താക്കൾക്ക് ഓപ്പറേറ്റർമാരെ മാറ്റാൻ സാധിക്കും. പുതിയ എംഎൻപി പോർട്ട് ഔട്ട് നിയമപ്രകാരം പോർട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലും ലളിതവുമായ രീതിയിലാക്കാനാണ് ലക്ഷ്യം.