ന്യൂയോർക്ക് : സ്‌പീച്ച് റെക്കഗനിഷന്‍ കമ്പനിയായ ന്യൂവാൻസിന്‍റെ ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കി മൈക്രോസോഫ്‌റ്റ്. ഏകദേശം 16 ബില്യൺ ഡോളറിന് ഉറപ്പിച്ച ഇടപാട് കഴിഞ്ഞ വർഷമാണ് പ്രഖ്യാപിച്ചത്. ന്യൂവാൻസിന്‍റെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മെഡിക്കൽ ഡിക്‌റ്റേഷൻ, ട്രാൻസ്‌ക്രിപ്ഷൻ ടൂളുകൾ ആശുപത്രികളിലും ആരോഗ്യ പരിപാലന മേഖലയിലും വേരുറപ്പിക്കാൻ മൈക്രോസോഫ്റ്റിനെ സഹായിക്കുന്നതാണ്.
2016ൽ കരിയർ നെറ്റ്‌വർക്കിങ് സേവനമായ ലിങ്ക്ഡ്ഇൻ 26 ബില്യൺ ഡോളറിന് വാങ്ങിയതിന് ശേഷമുള്ള മൈക്രോസോഫ്റ്റിന്‍റെ രണ്ടാമത്തെ ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഇത്. അതേസമയം മാർക്ക് ബഞ്ചമിൻ ന്യൂവാൻസിന്‍റെ സിഇഒ ആയി തുടരും.
ഒരു ദശാബ്ദത്തിന് മുമ്പ് തന്നെ ഐഫോണുകളിൽ റിലീസ് ചെയ്‌ത ന്യൂവാൻസിന്‍റെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യയാണ് ആപ്പിളിന്‍റെ സിരി ഡിജിറ്റൽ വോയ്‌സ് അസിസ്റ്റന്‍റിന്‍റെ പ്രവർത്തനത്തെ സഹായിക്കുന്നത്. ബർലിങ്‌ടൺ, മസാച്യുസെറ്റ്‌സ് ആസ്ഥാനമായുള്ള ന്യൂവാൻസ് ഏറ്റെടുക്കുന്നതായി 2021 ഏപ്രിലിലാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്.