മൂംബൈ: ജെറ്റ് എയർവെയ്‌സ് സർവീസ് പുനരാരംഭിക്കാൻ അവസരം ഒരുങ്ങുന്നു. രണ്ട് കമ്പനികൾ അടങ്ങിയ കണ്‍സോർഷ്യത്തിന് ജെറ്റ് എയർവെയ്‌സ് ഏറ്റെടുക്കാൻ ദേശീയ കമ്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) അനുമതി നൽകി. ലണ്ടൻ ആസ്ഥാനമായുള്ള കാൾറോക്ക് ക്യാപിറ്റലും യുഎഇ ആസ്ഥാനമായുള്ള വ്യവസായി മുറാരി ലാൽ ജലനും ചേർന്നാണ് ജെറ്റ് എയർവെയ്‌സിനെ ഏറ്റെടുക്കുക.
Also Read: 'വൈദ്യുതി തടസത്തിന് കാരണം അണ്ണാൻ ഓടുന്നത്!' വിചിത്ര വാദവുമായി തമിഴ്നാട് മന്ത്രി
ചൊവ്വാഴ്‌ച ദേശീയ കമ്പനി ലോ ട്രൈബ്യൂണലിന്‍റെ മുംബൈ ബഞ്ചാണ് ജെറ്റ് എയർവെയ്‌സിന്‍റെ പുനരുജ്ജീവന പദ്ധതിക്ക് അംഗീകാരം നൽകിയത്. രണ്ട് കമ്പനികളും 1375 കോടി രൂപ വീതം പദ്ധതിക്കായി മുടക്കും. 2020 ഒക്ടോബറിലാണ് ആണ് ഇരു കമ്പനികളും ചേർന്ന് ജെറ്റിനെ ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 30 വിമാന സർവീസുകളാകും ആരംഭിക്കുക.
2019 ഏപ്രിൽ 19ന് ആണ് കടബാധ്യത മൂലം ജെറ്റ് എയർവെയ്‌സ് സർവീസ് അവസാനിപ്പിച്ചത്. വിമാനക്കമ്പനി ഏറ്റെടുക്കുന്ന കണ്‍സോർഷ്യത്തിന് മുന്നിലുള്ള വെല്ലുവിളികൾ ഏറെയാണ്. ജീവനക്കാർ, വിമാനത്താവളങ്ങൾ, ഗ്രൗണ്ട് ഹാൻഡ്‌ലർമാർ എന്നിവയ്ക്കുള്ള കുടിശ്ശിക മുതൽ സർവീസ് അവസാനിപ്പിച്ചപ്പോൾ നഷ്ടപ്പെട്ട സ്ലോട്ട് കണ്ടെത്തൽ വരെ വെല്ലുവിളിയാകും. 1993ൽ ആരംഭിച്ച ജെറ്റ് എയർവെയ്‌സ് 124 വിമാനങ്ങളുമായി രാജ്യത്തെ തന്നെ രണ്ടാമത്തെ വലിയ എയർലൈൻ കമ്പനിയായിരുന്നു.