ന്യൂഡൽഹി: ഓടുന്ന ട്രെയിനുകളിൽ ഇന്‍റർനെറ്റ് കണക്റ്റിവിറ്റി നൽകാനുള്ള പദ്ധതി ഇന്ത്യൻ റെയിൽവെ ഉപേക്ഷിക്കുന്നു. ലാഭകരമല്ല എന്ന് കണ്ടതിനെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് ലോക്‌സഭയെ അറിയിച്ചു. പൈലറ്റ് പ്രൊജക്‌ട് എന്ന നിലയിൽ ഹൗറ രാജധാനി എക്‌സ്പ്രസ് ട്രെയിനിൽ വൈഫൈ സൗകര്യം റെയിൽവെ ഏർപ്പെടുത്തിയിരുന്നു.
ട്രെയിനുകളിൽ വൈഫൈ; പദ്ധതി റെയിൽവേ ഉപേക്ഷിക്കുന്നു
പൈലറ്റ് പ്രൊജക്‌ട് എന്ന നിലയിൽ ഹൗറ രാജധാനി എക്‌സ്പ്രസ് ട്രെയിനിൽ വൈഫൈ സൗകര്യം റെയിൽവെ ഏർപ്പെടുത്തിയിരുന്നു.
സാറ്റ്‌ലൈറ്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി ഉപയോഗിച്ചായിരുന്നു സേവനം. ഇതിന് ചെലവ് വളരെ കൂടുതലും ഇന്‍റർനെറ്റ് വേഗത കുറവും ആയിരുന്നു. നിലവിൽ ചെലവ് കുറഞ്ഞ മറ്റ് മാർഗങ്ങൾ ഇല്ലെന്നും മന്ത്രി അറിയിച്ചു. 2019 ൽ മുൻ റെയിൽവേ മന്ത്രി പീയുഷ് ഗോയലാണ് ട്രെയിനുകളിൽ വൈഫൈ സൗകര്യം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്.
നാല് വർഷം കൊണ്ട് ട്രെയിനുകൾ വൈഫൈ ആക്കുമെന്നായിരുന്നു അന്ന് സർക്കാർ അറിയിച്ചത്. നിലവിൽ രാജ്യത്തെ 6000ൽ അധികം റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ ഇന്‍റർനെറ്റ് സൗകര്യം ലഭ്യമാണ്. റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ (പിഎസ്‌യു) റെയിൽടെൽ ആണ് സ്റ്റേഷനുകളിൽ വൈഫൈ ഇന്‍റർനെറ്റ് നൽകുന്നത്.