വാഷിങ്ടണ്‍: അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ താരിഫ് ഈടാക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് അമേരിക്കന്‍ സെനറ്റ് അംഗത്തിന്‍റെ വിമര്‍ശനം. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ജി 7 ഉച്ചകോടിയില്‍ ചര്‍ച്ച നടത്താനിരിക്കെയാണ് ട്രംപിന്‍റെ വിശ്വസ്‌തനായ ലിന്‍സെയ് ഗ്രഹാമിന്‍റെ വിമര്‍ശനം.
അമേരിക്ക, ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് കുറഞ്ഞ താരിഫ് ഈടാക്കുമ്പോള്‍ പല അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കും 100 ശതമാനമാണ് ഇന്ത്യ ഈടാക്കുന്ന താരിഫ്.
ഒന്നുകില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്ക താരിഫ് വര്‍ധിപ്പിക്കണം അല്ലെങ്കില്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ താരിഫ് കുറക്കണം എന്നും ഗ്രഹാം അഭിപ്രായപ്പെട്ടു. എന്നാല്‍ ഇന്ത്യൻ ഉത്പന്നങ്ങള്‍ക്കുണ്ടായിരുന്ന മുന്‍ഗണനാ പ്രവേശം അമേരിക്ക പിന്‍വലിച്ചതിനെ തുടര്‍ന്നാണ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് താരിഫ് ഉയര്‍ത്തിയതെന്നാണ് ഇന്ത്യയുടെ വാദം. യുഎസിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ബദാം, പയറുവർഗ്ഗങ്ങൾ, വാൽനട്ട് എന്നിവയുൾപ്പെടെയുള്ള 28 ഇനങ്ങളിൽ ഇന്ത്യ തീരുവ ഉയർത്തിയത് ഇക്കാരണത്താല്‍ ആണെന്നാണ് ഇന്ത്യന്‍ എംബസി അമേരിക്കയെ അറിയിച്ചിരിക്കുന്നത്.
അതേ സമയം ഇന്ന് ഫ്രാന്‍സില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ മോദിയും ട്രംപും താരിഫ് വിഷയം സംബന്ധിച്ച് ചര്‍ച്ച നടത്തും എന്നാണ് സൂചന. ഇതിന് പുറമെ കശ്‌മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന അമേരിക്കയുടെ വാഗ്‌ദാനവും ചര്‍ച്ചയായേക്കും.