ന്യൂഡൽഹി : ജിഎസ്‌ടി കൗൺസിലിന്‍റെ അടുത്ത യോഗത്തിൽ ഏറ്റവും കുറഞ്ഞ നികുതി സ്ലാബ് 5 ശതമാനത്തിൽ നിന്ന് 8 ആയി ഉയർത്തിയേക്കും. വരുമാനം വർധിപ്പിക്കാനും സംസ്ഥാനങ്ങളുടെ ആശ്രിതത്വം ഇല്ലാതാക്കാനുമാണ് ഈ നീക്കം. ഇതുവഴി 1.50 ലക്ഷം കോടി രൂപയുടെ അധിക വരുമാനമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
വരുമാനം ഉയർത്തുന്നതിനുള്ള വിവിധ നടപടികൾ നിർദേശിക്കുന്ന സംസ്ഥാന ധനമന്ത്രിമാരുടെ പാനൽ ഈ മാസം അവസാനത്തോടെ കൗൺസിലിന് റിപ്പോർട്ട് സമർപ്പിച്ചേക്കും. നിലവിൽ 5%, 12%, 18%, 28% എന്നിങ്ങനെയാണ് ജിഎസ്‌ടിയുടെ ഘടന. അവശ്യ സാധനങ്ങളെ ഏറ്റവും കുറഞ്ഞ സ്ലാബിൽ നിന്ന് ഒഴിവാക്കുകയോ നികുതി ചുമത്തുകയോ ചെയ്യുന്നു. അതേസമയം ആഡംബരവും ഡീമെറിറ്റ് ഇനങ്ങളും ഏറ്റവും ഉയർന്ന സ്ലാബിലാണ്. ഇവയ്‌ക്ക് 28% നികുതിയാണ് ഏർപ്പെടുത്തുന്നത്.
ഏറ്റവും താഴ്‌ന്ന സ്ലാബിൽ 1% വർധന
കണക്കുകൾ പ്രകാരം പായ്‌ക്ക് ചെയ്‌ത ഭക്ഷ്യ വസ്‌തുക്കൾ ഉൾപ്പെടുന്ന ഏറ്റവും താഴ്‌ന്ന സ്ലാബിൽ 1% വർധനവാണ് ഉണ്ടാവുക. ഇതുവഴി പ്രതിവർഷം 50,000 കോടിരൂപയുടെ വരുമാനമാണ് ലക്ഷ്യംവയ്‌ക്കുന്നത്. നിലവിലുള്ള സ്ലാബുകൾ 4 ടയറിൽ നിന്ന് 3 ടയറായി പരിഷ്‌കരിക്കും. 8%, 18%, 28% എന്നിങ്ങനെയാക്കി പരിഷ്‌കരിക്കാനാണ് നീക്കം.
നിലവിൽ പായ്‌ക്ക് ചെയ്യാത്തതും ബ്രാൻഡ് ചെയ്യാത്തതുമായ ഭക്ഷണങ്ങളേയും പാലുത്പന്നങ്ങളെയും ജിഎസ്‌ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ വിവിധ നികുതി സ്ലാബുകളിൽ കൂടുതൽ ഇനങ്ങൾ ചേർക്കാനും ജിഎസ്‌ടിയിൽ നിന്ന് ഒഴിവാക്കിയ ഇനങ്ങൾ നീക്കം ചെയ്യാനും മന്ത്രിമാരുടെ പാനൽ നിർദേശിക്കും എന്നാണ് വിവരം.