ജങ്ക് ഫുഡ് പരസ്യങ്ങൾ നിയന്ത്രിക്കാന്‍ ബ്രിട്ടീഷ് സർക്കാർ. ടെലിവിഷനിലും സമൂഹ മാധ്യമങ്ങളിലും ജങ്ക് ഫുഡ് പരസ്യങ്ങൾ രാത്രി 9 മണിവരെ വിലക്കാനാണ് നീക്കം. 2023 ലാണ് പ്രാബല്യത്തിലാവുക. അമിതവണ്ണം യുവാക്കളിൽ വ്യാപകമാകുന്ന സാഹചര്യത്തിലാണ് ബോറിസ് ജോൺസന്‍ സര്‍ക്കാരിന്‍റെ തീരുമാനം.
Also Read: അനുമതിക്കായി കൊവിഷീൽഡ് ഇതുവരെ സമീപിച്ചിട്ടില്ലെന്ന് യൂറോപ്യൻ യൂണിയൻ
നേരത്തെ കൊവിഡ് ബാധിതനായ സമയത്ത് തന്‍റെ മോശം ഭക്ഷണ രീതി ഉണ്ടാക്കിയ പ്രശ്‌നങ്ങളെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തുറന്നുപറഞ്ഞിരുന്നു. ബ്രിട്ടണിലെ പ്രൈമറി സ്‌കൂൾ കുട്ടികൾക്കിടയിൽ നടത്തിയ പഠനത്തിൽ മൂന്നിൽ രണ്ട് കുട്ടികളിലും അമിത വണ്ണത്തിന്‍റെ പ്രശ്‌നങ്ങൾ കണ്ടെത്തിയിരുന്നു.
പരസ്യങ്ങളുടെ വ്യാപനം കുറയ്‌ക്കുന്നതിലൂടെ ഇത്തരം ഭക്ഷണ പദാർഥങ്ങൾ യുവാക്കളിൽ ഉണ്ടാക്കുന്ന സ്വാധീനത്തെ പരിമിതപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യം.
നിരോധനം 2023 മുതൽ
കൊഴുപ്പ്, ഉപ്പ്, മധുരം എന്നിവയുടെ ധാരാളിത്തമുള്ള ജങ്ക് ഫുഡുകളുടെ പരസ്യങ്ങളാണ് 2023 മുതൽ സർക്കാർ നിയന്ത്രിക്കുക. ടിവി ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും രാത്രി ഒമ്പത് മണിവരെയാണ് നിരോധനമുണ്ടാവുക.
അതായത് നിയമം നിലവിൽ വരുന്നതോടെ ഗൂഗിൾ, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങളിലൂടെയുളള ജങ്ക് ഫുഡ് പരസ്യങ്ങൾക്കും വിലക്ക് വരും. പുതിയ നിയന്ത്രണങ്ങൾ വരുന്നതോടെ ടിവി ചാനലുകൾക്ക് 200 മില്യണ്‍ യൂറോയുടെയും ഓണ്‍ലൈൻ മാധ്യമങ്ങൾക്ക് 400 മില്യൺ യൂറോയുടെയും നഷ്ടം ഒരു വർഷം ഉണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
എവിടെയൊക്കെ പരസ്യം നൽകാം
ടിവി, ഓൺലൈൻ ഇടങ്ങളിലൊഴികെ ജങ്ക് ഫുഡ് പരസ്യങ്ങൾ നൽകുന്നതിന് വിലക്കുണ്ടാകില്ല. പൊതു ഇടങ്ങൾ, ബസുകൾ, റേഡിയോ എന്നിവയൊക്കെ പരസ്യങ്ങൾ നൽകാൻ കമ്പനികൾക്ക് ഉപയോഗിക്കാം. കൂടാതെ 250 ജീവനക്കാരിൽ താഴെ ജോലി ചെയ്യുന്ന ചെറുകിട സംരംഭങ്ങളുടെ ഉത്പന്നങ്ങളെയും നിരോധനം ഏർപ്പെടുത്തുന്ന വിഭാഗത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.