ന്യൂഡൽഹി: രാജ്യത്ത് 21 ദിവസത്തെ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ സേവനങ്ങൾ നിർത്തിവെച്ചതായി ഫ്ലിപ്പ്‌കാർട്ട് അറിയിച്ചു. ലോക്ക്‌ഡൗൺ ദിവസങ്ങളിൽ ഇ-കൊമേഴ്‌സ് സേവനങ്ങൾക്ക് അനുവാദമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നു. എന്നാൽ മാർച്ച് 25 വരെയുള്ള എല്ലാ ഓർഡറുകളും ഫ്ലിപ്പ്‌കാർട്ട് റദ്ദാക്കി.
"ഫ്ലിപ്പ്‌കാർട്ട് ഓർഡറുകൾ താൽകാലികമായി നിർത്തിവെച്ചിരിക്കുന്നു. ഞങ്ങളുടെ ഡെലിവറി എക്‌സിക്യൂട്ടീവുകളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടാണ് തീരുമാനം. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് പ്രാദേശിക സർക്കാരിന്‍റയും പൊലീസ് അധികാരികളുടെയും സഹായം തേടണം", ഫ്ലിപ്പ്‌കാർട്ട് ചീഫ് കോർപ്പറേറ്റ് അഫേഴ്‌സ് ഓഫീസർ രജനീഷ് കുമാർ അറിയിച്ചു.
അത്യാവശ്യ ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകുന്നതിനായി ഇനി മുതൽ ഓർഡറുകൾ സ്വീകരിക്കില്ല. ഉപഭോക്താക്കൾക്ക് ഓർഡറുകൾ റദ്ദ് ചെയ്യാനുള്ള അവസരം നൽകുമെന്നും റദ്ദാക്കിയ ഓർഡറുകൾക്കുള്ള പണം തിരികെ നൽകുമെന്നും ആമസോൺ അറിയിച്ചു. ഇത്തരമൊരു സാഹര്യത്തിൽ പായ്‌ക്ക് ചെയ്‌ത ഭക്ഷണം, ആരോഗ്യ സംരക്ഷണം, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾക്കാണ് മുൻഗണനയെന്ന് ആമസോൺ.
ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ബന്ധപ്പെട്ട സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും കമ്പനി അറിയിച്ചു. ഞങ്ങളുടെ തീരുമാനം ചില വിൽപ്പനക്കാരെ ബാധിച്ചേക്കാം, എന്നാലും ഉപഭോക്താവിന്‍റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇപ്പോഴും പ്രവർത്തിക്കുന്ന ചെറുകിട കച്ചവടക്കാരെ അഭിനന്ദിക്കുന്നുവെന്ന് ആമസോൺ പറഞ്ഞു.