കൊവിഷീൽഡ് വാക്‌സിനെടുത്തവർക്ക് പ്രവേശനം അനുവദിച്ച് ബെൽജിയം. വാക്‌സിൻ അസമത്വത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക, മാലിദ്വീപ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കായുള്ള സുപ്രധാന തീരുമാനമെന്നാണ് ഇന്ത്യന്‍ എംബസി പ്രതികരിച്ചത്.
ഇതോടെ സെറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന കൊവിഷീൽഡ് വാക്‌സിന് അംഗീകാരം നൽകിയ യൂറോപ്യൻ രാജ്യങ്ങളുടെ എണ്ണം 15 ആയി.
Also Read:ഐസിഐസിഐ എടിഎം, ചെക്ക്ബുക്ക് ചാർജുകൾ മാറുന്നു, വിശദാംശങ്ങൾ അറിയാം
ജൂലൈ ഏഴിന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് കൊവിഷീൽഡിന് അംഗീകാരം നൽകാൻ ബെൽജിയം സർക്കാർ തീരുമാനിച്ചത്.
സ്വിറ്റ്സർലൻഡ്, ഐസ്‌ലന്‍റ്, ഓസ്ട്രിയ, ബൾഗേറിയ, ഫിൻലാൻഡ്, ജർമനി, ഗ്രീസ്, ഹംഗറി, അയർലൻഡ്, ലാത്വിയ, നെതർലാൻഡ്, സ്ലൊവേനിയ, സ്പെയിൻ, സ്വീഡൻ എന്നിവയാണ് കോവിഷീൽഡിന് അംഗീകാരം നൽകിയ മറ്റ് രാജ്യങ്ങൾ.
ഈ 15 രാജ്യങ്ങളിലും കൊവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് യാത്രാവിലക്ക് ഉണ്ടാകില്ല. അതേസമയം ഇന്ത്യൻ സർക്കാർ അനുമതി നൽകിയ എല്ലാ വാക്‌സിനുകളും അംഗീകരിക്കുമെന്ന് എസ്റ്റോണിയ അറിയിച്ചിരുന്നു.
വൻകരയിലെ കൂടുതൽ രാജ്യങ്ങൾ വാക്സിൻ അംഗീകരിക്കുന്നത് ഇന്ത്യക്കാർക്ക് യാത്ര അനുമതിക്കായുള്ള യൂറോപ്യൻ യൂണിയന്‍റെ ഡിജിറ്റൽ കൊവിഡ് സർട്ടിഫിക്കറ്റ്/ ഗ്രീൻ പാസ് ലഭിക്കാനുള്ള സാധ്യത വർധിപ്പിക്കും.
നിലവിൽ യൂറോപ്യൻ രാജ്യങ്ങളിൽ ഗ്രീൻ പാസ് നിർബന്ധമാണ്. കൂടാതെ യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ അംഗീകാരം ലഭിച്ച വാക്‌സിനുകൾ സ്വീകരിച്ചവരെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നിലവിൽ, ഫൈസർ, മോഡേണ, വാക്സെവ്രിയ (അസ്ട്രസെനെക്ക), ജോൺസൺ& ജോൺസൺ എന്നിവർ നിർമിച്ച വാക്‌സിനുകൾക്കാണ് യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ അംഗീകാരം ഉള്ളത്.
കൊവിൻ പോർട്ടൽ വഴി നൽകുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഉള്ളവരെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് ഇന്ത്യ യൂറോപ്യൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം യൂറോപ്യൻ യൂണിയന്‍റെ ഉന്നത പ്രതിനിധി ജോസെപ് ബോറെൽ ഫോണ്ടെല്ലുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ നടത്തിയ കൂടിക്കാഴ്‌ചയിലും യൂറോപ്യൻ യൂണിയൻ ഡിജിറ്റൽ കൊവിഡ് സർട്ടിഫിക്കറ്റ് പദ്ധതിയിൽ കൊവിഷീൽഡിനെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.