കേരളം

kerala

ETV Bharat / business

ഉപഭോക്തൃ സംരക്ഷണ നിയമം: ഉപഭോക്താക്കൾ ബോധവാൻമാരാകണം

ഉപഭോക്തൃ കാര്യങ്ങളിൽ വിദഗ്‌ദനായ ഡോ. എം. ബുച്ചിയ എഴുതിയ ലേഖനം

Consumer Protection Act: Need to empower buyers
ഉപഭോക്തൃ സംരക്ഷണ നിയമം: ഉപഭോക്താക്കളെ ശാക്തീകരിക്കേണ്ടതുണ്ട്

By

Published : Jan 2, 2020, 4:41 PM IST

ഹൈദരാബാദ്: ഉദാരവൽക്കരണത്തിന്‍റെയും ആഗോളവൽക്കരണത്തിന്‍റെയും ഫലമായി ഉപഭോക്താക്കൾ ഒരു പ്രധാന ഘടകമായി മാറി. ഉൽപ്പന്നങ്ങളുടെ വലിയ തോതിലുള്ള വാങ്ങലുകൾ നടക്കുന്നതിനാൽ, വഞ്ചനക്കും നഷ്‌ടത്തിനും എതിരെ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുമ്പോൾ, ഉപഭോക്താക്കൾക്കിടയിൽ അവകാശങ്ങളെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കേണ്ടതും പ്രധാനമാണ്.

ഇന്നത്തെ മിക്ക ഉപഭോക്താക്കൾക്കും അവരുടെ അവകാശങ്ങളെക്കുറിച്ച് ശരിയായ ധാരണയില്ല, അതിന്‍റെ ഫലമായാണ് വഞ്ചിക്കപ്പെടുന്നത്. ഗ്രാമീണ പ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് ഇത് പ്രത്യേകിച്ചും ബാധകമാണ്. 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് കഴിഞ്ഞ വർഷം കേന്ദ്രം പുതിയ ബിൽ അവതരിപ്പിച്ചു. 2019 ഓഗസ്‌റ്റ് ഒൻപതിന് രാഷ്ട്രപതി ബില്ലിൽ ഒപ്പിട്ടു.

ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കൽ, അനീതിപരമായ ബിസിനസുകൾ തടയുക, പെട്ടെന്നുള്ള പരാതി പരിഹാര സംവിധാനം, ഇ-കൊമേഴ്‌സ് ഇടപാടുകൾ എന്നിവ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ നിയമനിർമ്മാണം ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിൽ ഒരു നാഴികക്കല്ലാണ്. അമേരിക്കൻ ഐക്യനാടുകളിലെ ‘യുഎസ് ഫെഡറേഷൻ ട്രേഡ് കമ്മീഷൻ’, ഓസ്‌ട്രേലിയയിലെ ‘ഓസ്‌ട്രേലിയൻ കൺസ്യൂമർ ആൻഡ് കമ്മീഷൻ’ എന്നിവ ഉപഭോക്തൃ അവകാശ സംരക്ഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

ഉപഭോക്തൃ പ്ലാറ്റ്ഫോമുകൾ മാറ്റിസ്ഥാപിക്കുന്നതിന് ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ കമ്മീഷനുകൾ ആരംഭിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങൾ പരിരക്ഷിക്കുന്നതിനും ഈ നിയമപ്രകാരം നിയമവിരുദ്ധമായ ബിസിനസുകൾ തടയുന്നതിനുമായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി രൂപീകരിച്ചു. ചീഫ് കമ്മീഷണറുടെയും സബ് കമ്മീഷണർമാരുടെയും ആഭിമുഖ്യത്തിൽ ഇത് തുടരും.

അന്വേഷണ വിഭാഗം ഡയറക്ടർ ജനറലിന്‍റെ മേൽനോട്ടത്തിലായിരിക്കും. റെയ്‌ഡ് ചെയ്യാനും കണ്ടുകെട്ടാനും ഇതിന് അധികാരമുണ്ട്. അധാർമികമായ ഒരു ബിസിനസ്സ് നടക്കുന്നുണ്ടെന്നും അവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്നും പരാതിപ്പെടുകയാണെങ്കിൽ, കലക്‌ടറിൽ നിന്ന് റിപ്പോർട്ട് വാങ്ങേണ്ടതുണ്ട്.

പുതിയ നിയമം ഉപഭോക്തൃ കമ്മീഷനുകളുടെ പരിമിതികളും നിർദ്ദേശിച്ചിട്ടുണ്ട്. ജില്ലാ തലത്തിലുള്ള കമ്മീഷന് ഒരു കോടി രൂപ വരെയുള്ള കേസുകൾ എടുക്കാം. ഒരു കോടിയിലധികം രൂപയുടേയും 10 കോടി രൂപയുടേയും കേസുകളാണ് ദേശീയ കമ്മീഷൻ ഏറ്റെടുക്കുന്നത്. ജില്ലാതല കമ്മീഷൻ കേസുകളുടെ വാദം കേൾക്കുമ്പോൾ, സംസ്ഥാന കമ്മീഷനിലും തുടർന്ന് ദേശീയ കമ്മീഷനിലും അപ്പീൽ നൽകാം. അതുപോലെ, വിധിന്യായങ്ങൾ അവലോകനം ചെയ്യാനും റദ്ദാക്കാനും സ്‌റ്റേറ്റ് കമ്മീഷന് അധികാരമുണ്ട്. ഇക്കാരണത്താൽ - വിധി ന്യായത്തിൽ തിരുത്തൽ ആവശ്യപ്പെടുന്ന സാഹചര്യമുണ്ടെങ്കിൽ, അവ എത്രയും വേഗം തിരുത്താൻ കഴിയും.

ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത പിഴ ഈടാക്കും. യാഥാർത്ഥ്യമല്ലാത്ത പ്രസ്താവനകളിലൂടെയോ പരസ്യങ്ങളിലൂടെയോ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെങ്കിൽ, ബന്ധപ്പെട്ട ഉൽപ്പാദകനിൽ നിന്ന് 10 ലക്ഷം രൂപ വരെ പിഴ ഈടാക്കും. ഇത്തരം വഞ്ചനാപരമായ പ്രസ്താവനകളിലും പരസ്യങ്ങളിലും ഏർപ്പെടുന്ന സെലിബ്രിറ്റികളെ മറ്റ് പരസ്യങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കും. ഉൽ‌പ്പന്നങ്ങളിലെ രാസ വസ്‌തുക്കൾ മൂലം ഉണ്ടാകുന്ന ഏതെങ്കിലും പ്രശനത്തിന് ആറുമാസം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

ഉത്തരവുകൾ നടപ്പാക്കിയിട്ടില്ലെങ്കിൽ, ആറുമാസം വരെ തടവും 20 ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ഉപഭോക്താവിന്‍റെ താൽ‌പ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് നിർമ്മാതാവിനെയും സേവന ദാതാവിനെയും ജയിലിലടക്കുകയും പിഴ ചുമത്തുകയും ചെയ്യും.

തർക്കങ്ങൾ പരിഹരിക്കുന്നതിനായി പുതിയ വ്യവഹാര കേന്ദ്രങ്ങൾ ആരംഭിച്ചു. ഉപയോക്താക്കൾ‌ക്ക് അവരുടെ പ്രശ്‌നങ്ങൾ‌ വേഗത്തിൽ‌ പരിഹരിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ ഒത്തുതീർപ്പ് ഇല്ലെങ്കിൽ, ജില്ലാ, സംസ്ഥാന, ദേശീയ കമ്മീഷനുകളെ സമീപിക്കാം.

പുതിയ നിയമപ്രകാരം, ഉപയോക്താക്കൾക്ക് അവരുടെ പ്രശ്‌നത്തെക്കുറിച്ച് ഓൺ‌ലൈനിൽ എവിടെ നിന്നും പരാതിപ്പെടാം. മൊത്തത്തിൽ, നിയമം ഉപഭോക്താവിന് പ്രയോജനപ്പെടുന്നതിനായി രൂപകൽപ്പന ചെയ്‌തിട്ടുള്ളതാണ്. 'ചരക്ക്' എന്ന വാക്കിന്‍റെ നിർവചനം 1986 ലെ നിയമത്തിൽ നടപ്പിലാക്കി. പുതിയ നിയമം ഈ നിർവചനം കൂടുതൽ വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് സേവനങ്ങൾ നൽകുന്നതിൽ കാലതാമസമുണ്ടായാലും, നഷ്‌ടപരിഹാരം ഉപഭോക്താവിന് നൽകണം.

ഉപഭോക്തൃ കേസുകൾ തീർപ്പാക്കൽ നടപടികൾ സമയബന്ധിതമായിരിക്കണം. ഇത് നിർമ്മാതാവിനെയും വിൽപ്പനക്കാരനെയും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ സഹായിക്കും. കൊച്ചുകുട്ടികളെ ഉദ്ദേശിച്ചുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ പരസ്യത്തിൽ വ്യക്തമായ നിയന്ത്രണം ഉണ്ടായിരിക്കണമെന്ന അഭിപ്രായമുണ്ട്. ഉപഭോക്തൃ അവബോധ പരിപാടികൾ സർവകലാശാലകൾ, കോളേജുകൾ, സ്‌കൂളുകൾ എന്നിവടങ്ങളിൽ സംഘടിപ്പിക്കണം.

വിപണിയിൽ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാൻ സർക്കാർ ലബോറട്ടറികൾ സ്ഥാപിക്കണം. ഉപഭോക്തൃ പങ്കാളിത്തമുണ്ടെങ്കിൽ മാത്രമേ നിയമം പൂർണമായി നടത്താൻ സർക്കാരിനാവൂ.

മൊത്തത്തിൽ, ഉപഭോക്തൃ അവകാശങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിയമം ഗുണകരമാണ്. പരാതികൾ പരിഹരിക്കുകയും ഉചിതമായ നഷ്‌ട പരിഹാരം ലഭിക്കുകയും ചെയ്യുമ്പോൾ മാത്രമേ ഉപഭോക്താവിന് സംതൃപ്‌തി ലഭിക്കൂ. ഏതൊരു നിയമവും ശരിയായി നടപ്പാക്കിയതിനുശേഷം മാത്രമേ ഫലപ്രദമാകൂ എന്ന് പറയാനാകൂ.

ABOUT THE AUTHOR

...view details