ന്യൂഡൽഹി: ഇന്ത്യൻ വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് ഒരാൾക്ക് വാങ്ങാവുന്ന മദ്യത്തിന്‍റെ അളവ് നാല് ലിറ്ററാക്കണമെന്ന നിർദ്ദേശവുമായി സ്വകാര്യ വിമാനത്താവള കമ്പനികൾ. തായ്‌ലൻഡ്, സിംഗപ്പൂർ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങൾക്ക് തുല്യമായി മദ്യ അലവൻസ് ഇന്ത്യയിലും കൊണ്ടുവരണമെന്നാണ് കമ്പനികളുടെ നിർദ്ദേശം.
സൗത്ത് ഈസ്‌റ്റ് ഏഷ്യ/മിഡിൽ ഈസ്‌റ്റ് മേഖലയിലെ ഡ്യൂട്ടി ഫ്രീ മേഖലയിൽ കൂടുതൽ വ്യാപാരം നടക്കുന്നത് ഇന്ത്യയിൽ നിന്നുള്ള ടൂറിസ്‌റ്റുകളിലൂടെയാണെന്ന് 2020-21 ലെ ബജറ്റിനുള്ള നിർദ്ദേശത്തിൽ അസോസിയേഷൻ ഓഫ് പ്രൈവറ്റ് എയർപോർട്ട് ഓപ്പറേറ്റേഴ്‌സ് (എപിഎഒ) വ്യക്തമാക്കി. ഇന്ത്യൻ യാത്രക്കാർ ഇന്ത്യക്ക് പുറത്തുനിന്ന് കൂടുതലായി ഡ്യൂട്ടി ഫ്രീ സാധനങ്ങൾ വാങ്ങുന്നു.ഇന്ത്യയിൽ നൽകുന്ന മദ്യ അലവൻസ് അയൽ രാജ്യങ്ങളിലെയും ഏഷ്യാ പസഫിക് രാജ്യങ്ങളിലെയും മദ്യ അലവൻസിന് തുല്യമല്ലെന്നും എ.പി.എ.ഒ ബജറ്റിന് മുന്നോടിയായി സർക്കാരിന് സമർപ്പിച്ച നിർദ്ദേശത്തിൽ പറയുന്നു.