ബെയ്ജിങ്: ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് കമ്പനിയായ അലിബാബ ഗ്രൂപ്പിന് 18.3 ബില്യൺ യുവാൻ (2.8 ബില്യൺ യുഎസ് ഡോളർ) പിഴ ചുമത്തി ചൈനീസ് സർക്കാർ. കമ്പനിയുടെ ആന്‍റി-കോംപറ്റിറ്റീവ് പ്രവർത്തനങ്ങൾക്കാണ് പിഴ ചുമത്തിയത്. ചൈനയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ടെക്ക്-വ്യവസായങ്ങളെ വരുതിയിൽ നിർത്താനുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് സർക്കാരിന്‍റെ നീക്കങ്ങളുടെ ഭാഗമാണ് അലിബാബയ്‌ക്കെതിരെയുള്ള നടപടി എന്നാണ് വിലയിരുത്തപ്പെടുന്നത്.
സാമ്പത്തികം, ആരോഗ്യ മേഖല, മറ്റ് തന്ത്രപ്രധാന മേഖലകൾ എന്നിവയിലേക്ക് ബിസിനസ് മേഖല വ്യാപിക്കുന്ന അലിബാബ ഉൾപ്പടെയുള്ള ഇന്‍റർനെറ്റ് ഭീമന്മാരുടെ പ്രവർത്തനങ്ങളിൽ ചൈനീസ് സർക്കാർ നാളുകളായി അസ്വസ്ഥതരാണ്. ഈ അസ്വസ്ഥതകളുടെയൊക്കെ പരിണിത ഫലമായി കുത്തക-വിരുദ്ധ നയം ശക്തമാക്കുന്നതിന് സർക്കാർ ഈ വർഷം കൂടുതൽ പ്രാധാന്യം നൽകുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു.
ഓണ്‍ലൈൻ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്ന ചില്ലറ വ്യാപാരികളുടെ മത്സരം പരിമിതപ്പെടുത്തുന്നതിനും ചരക്കുകളുടെ സ്വതന്ത്രമായ വിതരണത്തിന് തടസം നിൽക്കുന്ന രീതിയിലും തങ്ങളുടെ മാർക്കറ്റ് മേധാവിത്വം ദുരുപയോഗം ചെയ്‌തതിനാണ് അലിബാബയ്ക്ക് പിഴ ചുമത്തിയതെന്നാണ് സർക്കാർ വിപണി നിയന്ത്രണ വകുപ്പിന്‍റെ വിശധീകരണം. 2019ലെ അലിബാബയുടെ ആകെ വരുമാനത്തിന്‍റെ (69.5 ബില്യണ്‍ യുഎസ് ഡോളർ) നാല് ശതമാനമാണ് ചുമത്തിയ പിഴത്തുക. സർക്കാർ തീരുമാനം അലിബാബ സ്ഥാപകൻ ജാക്ക് മായ്‌ക്ക് വലിയ തിരിച്ചടി ആകുമെന്നാണ് വിലയിരുത്തൽ.
കമ്പനിയുടെ ഫിനാൻസ് പ്ലാറ്റ്‌ഫോമായ അന്‍റ് ഗ്രൂപ്പിന്‍റെ സ്റ്റോക്ക് മാർക്കറ്റ് പ്രവേശനം കഴിഞ്ഞ നവംബറിൽ സസ്പെൻഡ് ചെയ്‌തിരുന്നു. കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും വലിയ പ്രാരംഭ പബ്ലിക് സ്റ്റോക്ക് ഓഫറുമായാണ് അന്‍റ് എത്തിയത്. മണി ട്രാൻഫറിങ് ആപ്പ് ആയ അലി പെ ഉൾപ്പടെ കൈകാര്യം ചെയ്യുന്ന ആന്‍റ് ഗ്രൂപ്പിന്‍റ മുന്നിൽ ഒന്ന് ഓഹരികളുടെ ഉടമയാണ് ജാക്ക് മാ. ചൈനയിലെ ഏറ്റവും ധനികനായ ജാക്ക് മാ കഴിഞ്ഞ നവംബറിൽ ചൈനീസ് റെഗുലേറ്റർമാരെ വിമർശിച്ചിരുന്നു. ഇതിന് ശേഷം മാ പൊതു വേദികളിൽ നിന്ന് അകന്ന് നിൽക്കുകയാണ്.
കഴിഞ്ഞ മാർച്ചിൽ ടെൻസെന്‍റ് ഹോൾഡിംഗ്സ്, മെസേജിങ് ആപ്പ് ആയ വീചാറ്റ് ഉൾപ്പെടെ പന്ത്രണ്ട് കമ്പനികൾക്ക് 77,000 യുഎസ് ഡോളർ സർക്കാർ പിഴ ചുമത്തിയിരുന്നു. കമ്പനികളുടെ ഏറ്റെടുക്കലുകളും മറ്റ് ഡീലുകളും വെളിപ്പെടുത്താത്തതിനെ തുടർന്നായിരുന്നു നടപടി. ഈ വർഷം ഫെബ്രുവരിയിൽ ചൈനീസ് സർക്കാകർ കുത്തക- വിരുദ്ധ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. വ്യാപാരികളുമായി എക്‌സ്‌ക്ലൂസീവ് കരാറുകളിൽ ഒപ്പുവെക്കുക, എതിരാളികളെ ചൂഷണം ചെയ്യുന്നതിന് സബ്‌സിഡികൾ ഉപയോഗിക്കുക തുടങ്ങിയ മത്സര വിരുദ്ധ നടപടികളെ തടയുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നിർദേശങ്ങൾ അവതരിപ്പിച്ചത്.