ന്യൂഡല്‍ഹി: ടെലികോം ഭീമന്‍ എയര്‍ടെലും രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്കും കൈകോര്‍ക്കുന്നു. എയർടെല്ലിന്‍റെ 340 ദശലക്ഷത്തിലധികം വരുന്ന ഉപഭോക്താക്കൾക്കായി 'എയർടെൽ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്' ലോഞ്ച് ചെയ്യുമെന്ന് കമ്പനികള്‍ പ്രഖ്യാപിച്ചു. രാജ്യത്ത് ഡിജിറ്റൽ പേയ്മെന്‍റുകള്‍ സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിന്‍റെ ഭാഗമായി, ഉപഭോക്താക്കള്‍ക്കായി നൂതന സാമ്പത്തിക ഓഫറുകളും ഡിജിറ്റൽ സേവനങ്ങളും വിപണിയിലെത്തിക്കും.
ക്യാഷ്ബാക്കുകൾ, പ്രത്യേക കിഴിവുകൾ, ഡിജിറ്റൽ വൗച്ചറുകൾ, കോംപ്ലിമെന്‍ററി സേവനങ്ങൾ തുടങ്ങി നിരവധി ആനുകൂല്യങ്ങളും എയർടെൽ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ ലഭിക്കും. എയർടെൽ താങ്ക്സ് ആപ്പ് വഴിയുള്ള ഇലക്‌ട്രിസിറ്റി/ഗ്യാസ്/വാട്ടർ ബിൽ പേയ്‌മെന്‍റുകള്‍ക്ക് 10 ശതമാനം ക്യാഷ്ബാക്ക്, ബിഗ് ബാസ്‌കറ്റ്, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങി തെരഞ്ഞെടുത്ത ഓണ്‍ലൈന്‍ മെർച്ചന്‍റൈസുകളില്‍ ഇടപാട് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് 10 ശതമാനം ക്യാഷ്ബാക്ക്, മറ്റ് ഇടപാടുകള്‍ക്ക് ഒരു ശതമാനം ക്യാഷ്ബാക്ക്, കാര്‍ഡ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ ആക്‌റ്റിവേഷൻ ചെയ്യുമ്പോൾ 500 രൂപയുടെ ആമസോൺ ഇ-വൗച്ചർ തുടങ്ങി ആവേശകരമായ ആനുകൂല്യങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.