ഹൈദരാബാദ് : ഇന്ത്യക്കാരുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന ലോഹങ്ങളാണ് സ്വർണവും വെള്ളിയും. നിക്ഷേപത്തിനായും തെരഞ്ഞെടുക്കപ്പെടുന്നത് ഈ രണ്ട് ലോഹങ്ങളാണ്. സ്വർണത്തിന്‍റെ എക്‌സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ഏറെ ജനപ്രീതി നേടിയിരുന്നു. നേരിട്ട് വാങ്ങാതെ സ്വർണത്തിൽ നിക്ഷേപം നടത്താനാണ് ഗോൾഡ് എക്‌സ്ചേഞ്ച് ട്രേഡഡ് ഫണ്ട് വഴിയൊരുക്കുന്നത്. അതേ സമയം സിൽവർ ഇടിഎഫ് (Silver Exchange Traded Funds) മാർക്കറ്റിൽ വലിയ ചലനം സൃഷ്‌ടിച്ചിരിക്കുകയാണ്.
എന്താണ് സിൽവർ ഇടിഎഫ്
ഇലക്ട്രിക് വാഹനങ്ങൾ, ഗ്രീൻ എനർജി എന്നിവ ഉൾപ്പടെ സിൽവറിനെ ഉപയോഗപ്പെടുത്തി നിരവധി പുതിയ ടെക്‌നോളജികളാണ് വളർന്നുവരുന്നത്. വൈദ്യുതിയെ നല്ല രീതിയിൽ കടത്തിവിടുമെന്നതാണ് സിൽവറിന്‍റെ പ്രധാന പ്രത്യേകത. ഇത് ഭാവിയിൽ വെള്ളിയുടെ ആവശ്യകത ഉയർത്തുമെന്നുള്ള സാധ്യത ചൂണ്ടിക്കാട്ടുന്നു. ഈ കാരണങ്ങളാൽ നിക്ഷേപകർക്ക് പ്രതിഫലം നൽകുകയെന്ന ലക്ഷ്യത്തോടെ ചെറുകിട നിക്ഷേപകർക്ക് കൂടുതൽ അവസരമൊരുക്കാൻ മാർക്കറ്റ് റെഗുലേറ്ററായ സെബി(എസ്‌ഇബിഐ) തീരുമാനിച്ചു.
2021 സെപ്‌റ്റംബറിലാണ് സിൽവർ അംഗീകൃത ഇടിഎഫുകൾക്ക് അനുമതി നൽകിയത്. തുടർന്ന് നവംബറിൽ ഇതിനായുള്ള നടപടി ക്രമങ്ങൾ പ്രഖ്യാപിച്ചു. പുതിയ വർഷത്തിൽ നിരവധി കമ്പനികൾ സിൽവർ ഇടിഎഫുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ടിൽ നിന്ന് ഐസിഐസിഐ സിൽവർ ഇടിഎഫ് എന്ന പേരിൽ ആദ്യത്തെ ഫണ്ട് ഇതിനകം ലഭ്യമാക്കിയിട്ടുണ്ട്. ഫണ്ടിൽ 100 മുതലാണ് നിക്ഷേപം ആരംഭിക്കുന്നത്. ജനുവരി 19 മുതലാണ് പുതിയ ഫണ്ട് ഓഫറുകൾ ആരംഭിക്കുന്നത്.
സിൽവർ ഇടിഎഫുകൾ, വെള്ളിയിലും വെള്ളിയുമായി ബന്ധപ്പെട്ട സ്‌കീമുകളിലും 95% വരെ നിക്ഷേപം നടത്താം. ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷൻ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 99.9% ഗുണനിലവാരമുള്ള 30 കിലോ വെള്ളി ബാറുകൾ വരെ നിക്ഷേപകന് വാങ്ങാം. സിൽവർ ഇടിഎഫുകളുടെ മൂല്യത്തിനായി ഫണ്ട് കമ്പനികൾ കസ്റ്റോഡിയൻമാരുടെ കൈവശമുള്ള വെള്ളി കരുതൽ ശേഖരം പതിവായി പരിശോധിക്കണം. ഓരോ ആറു മാസത്തിലും മ്യൂച്വൽ ഫണ്ടിന്‍റെ ഓഡിറ്റർ, റിപ്പോർട്ട് ഫണ്ട് ട്രസ്റ്റികൾക്ക് സമർപ്പിക്കേണ്ടതുണ്ട്.