ന്യൂഡല്‍ഹി: കുടിവെള്ള വിതരണ പദ്ധതിക്കായി 5300 കോടി രൂപയാണ് അയല്‍ സംസ്ഥാനമായ കർണാടകയ്ക്ക് ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ കർണാടകയ്ക്ക് ഇത്രയും വലിയ തുക അനുവദിച്ചത് ഇലക്ഷൻ സ്റ്റണ്ട് ആണെന്ന ആരോപണം ഇതിനകം ഉയർന്നുകഴിഞ്ഞു. എന്നാല്‍ വിവിധ റെയില്‍ പദ്ധതികളുടെ വികസനം, എയിംസ്, സില്‍വർ ലൈൻ അടക്കം വർഷങ്ങളായി കേരളം ആവശ്യപ്പെടുന്ന ഒരു പദ്ധതിക്കും തുക അനുവദിക്കാതെയും കേരളത്തിന്‍റെ പേര് പരാമർശിക്കാതെയുമാണ് നിർമല സീതാരാമൻ ബജറ്റ് അവതരണം നടത്തിയത്.
എയിംസും സില്‍വർ ലൈനുമില്ല:സില്‍വർ ലൈൻ പദ്ധതിക്ക് അനുമതി നല്‍കണമെന്ന് സംസ്ഥാന ധനമന്ത്രി കെഎൻ ബാലഗോപാല്‍ നിർമല സീതാരാമന് കത്ത് നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നാണ് സൂചന. അതിനേക്കാളേറെ കേരളം വർഷങ്ങളായി ആവശ്യപ്പെടുന്ന എയിംസിനും ഇത്തവണ അനുമതി ലഭിച്ചില്ല. കോഴിക്കോട് കിനാലൂരില്‍ സ്ഥലം കണ്ടെത്തി കേന്ദ്ര അനുമതിക്കായി കേരളം കാത്തിരിക്കുകയാണ്. കഞ്ചിക്കോട്, നേമം, ചേർത്തല എന്നിവിടങ്ങളിലെ റെയില്‍ പദ്ധതികളുടെ വികസനം, കൂടുതല്‍ ട്രെയിനുകൾ എന്നിവയെല്ലാം കേരളം ബജറ്റ് പ്രഖ്യാപനങ്ങളുടെ തുടർച്ചയായി പ്രതീക്ഷിച്ചിരുന്നു.