വർണപ്പെരുമയുടെ നിറസൗന്ദര്യമായി പാറമേക്കാവിന്‍റെ ചമയപ്രദർശനം - പാറമേക്കാവ്
തിരുവമ്പാടിയുടെ പ്രദർശനം ഇന്ന് മുതല്‍
തൃശ്ശൂര്‍:ആയിരം വർണങ്ങൾ മിന്നിത്തിളങ്ങുന്ന പൂരച്ചമയക്കാഴ്ചകളുടെ വിസ്മയലോകം കൺതുറന്നു. പാറമേക്കാവ് ഒരുക്കിയ ചമയപ്രദര്‍ശനം വര്‍ണപ്പെരുമയുടെ നിറസൗന്ദര്യമായി മാറി. നെറ്റിപ്പട്ടവും വെഞ്ചാമരവും ആലവട്ടവുമെല്ലാം അണിനിരന്ന പ്രദര്‍ശനത്തില്‍ ഇത്തവണയും കുടകളാണ് മുമ്പന്മാര്‍. സിയോൺ, ലൈക്ര, ബനാറസ് തുടങ്ങിയ പുത്തൻ തുണിത്തരങ്ങളില്‍ നിര്‍മിച്ച കുടകള്‍ക്കൊപ്പം പരമ്പരാഗതമായി തൂവെള്ള നിറമുള്ള സ്ട്രിപ്പ് തുണിയില്‍ നിര്‍മിച്ചവയും ഇടം പിടിച്ചിട്ടുണ്ട്. തേക്കിൻകാട് മൈതാനിയില്‍ സായന്തനത്തിലെ വർണ്ണ നീരാട്ടിന് മാത്രം പുറത്തെടുക്കാൻ ഒളിപ്പിച്ചുവെച്ച സസ്പെൻസ് കുടകളൊഴികെയുള്ളവയാണ് പ്രദർശനത്തിലുള്ളത്. പൂരനാളിൽ കൊമ്പൻമാർക്ക് അണിയാനുള്ള നെറ്റിപ്പട്ടവും കാൽത്തളയും മണിമാലയും സ്വർണ്ണക്കോലവും തിടമ്പുമെല്ലാം പൂരത്തിന് മുമ്പ് തന്നെ കാണാൻ ആയിരങ്ങളായിരുന്നു ഇന്നലെ പ്രദർശനനഗരിയിലേക്ക് എത്തിച്ചേര്‍ന്നത് . അഗ്രശാലയിൽ നടക്കുന്ന ചമയപ്രദർശനത്തിന്‍റെ ഉദ്ഘാടനം മന്ത്രി വി.എസ്.സുനിൽകുമാർ നിർവഹിച്ചു. ദേവസ്വം ഭാരവാഹികളായ സതീഷ് മേനോൻ, ജി.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. തിരുവമ്പാടിയുടെ പ്രദർശനം ഇന്ന് രാവിലെ മുതല്‍ കൗസ്തുഭം ഹാളിൽ ആരംഭിച്ചു.