വാഷിംഗ്ടൺ: ദക്ഷിണ ചൈന കടല്‍ പാത തർക്കത്തിൽ ബീജിങ്ങിലെ സൈനിക നിർമാണത്തിന് ഉത്തരവാദികളായ ചൈനീസ് ഉദ്യോഗസ്ഥർക്ക് മേൽ ട്രംപ് ഭരണകൂടം ഉപരോധം ഏർപ്പെടുത്തി. നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ചൈനക്കെതിരായ യു.എസ് സമ്മർദ്ദ പ്രചാരണത്തിലെ ഏറ്റവും പുതിയ നീക്കമാണിത്.
ദക്ഷിണ ചൈന കടല്‍ ചൈനയുടെ സമുദ്ര സാമ്രാജ്യമല്ലെന്നും രാജ്യാന്തര നിയമം ലംഘിക്കുകയാണെന്നുമുള്ള യു.എസ് മുന്നറിയിപ്പ് അവഗണിച്ചുമാണ് മേഖലയിൽ ചൈന ചുവടുറപ്പിച്ചത്. ഉപരോധം ഏർപ്പെടുത്തിയ ഉദ്യോഗസ്ഥർക്ക് അമേരിക്കയിലേക്ക് യാത്രചെയ്യാൻ സാധ്യമല്ല.
അതേസമയം, ചൈന കമ്മ്യൂണിക്കേഷൻ കൺസ്ട്രക്ഷൻ കമ്പനിയുടെ അനുബന്ധ സ്ഥാപനങ്ങൾ ഉൾപ്പെടെ 24 ചൈനീസ് സംരംഭങ്ങളെ വാണിജ്യ കരിമ്പട്ടികയിൽ ചേർത്തു. ചൈനയുടെ സമുദ്ര അവകാശവാദങ്ങൾ അമേരിക്ക അംഗീകരിക്കില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം പ്രവർത്തനത്തെ ചെറുക്കുന്നതിൽ സഖ്യകക്ഷികളുമായുള്ള പങ്കാളിത്തം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ദക്ഷിണ ചൈനാ കടലിൽ ചൈന സ്ഥാപിച്ച കൃത്രിമ ദ്വീപുകൾ പിടിച്ചെടുക്കുമെന്ന് നേരത്തേ അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. പാരസെൽ ദ്വീപുകൾക്കു 12 നോട്ടിക്കൽ മൈൽ ദൂരത്ത് അമേരിക്കൻ യുദ്ധക്കപ്പലുകൾ പതിവായി നിരീക്ഷണം നടത്തുന്നുണ്ട്. ദ്വീപുകൾ നിർമിച്ചിരിക്കുന്ന കടൽ ഭാഗങ്ങൾ രാജ്യാന്തര പാതയുടെ ഭാഗമാണെന്നും ഇവിടെ ഏതു രാജ്യത്തിന്റെ കപ്പലുകൾക്കും സഞ്ചരിക്കാമെന്നുമാണ് യു.എസ് വാദം.