ലണ്ടന്‍: യൂറോപ്പ ലീഗിന്‍റെ കലാശപ്പോരിനായി പോളണ്ടിലേക്കെത്തുക ആരെന്നറിയാന്‍ മണക്കൂറുകള്‍.പ്രതീക്ഷകള്‍ക്ക് ചികറുമുളച്ച ചുകന്ന ചെകുത്താന്‍മാര്‍ റോമയെ നേടിരുമ്പോള്‍ ആഴ്‌സണലും വിയ്യാറയലും തമ്മില്‍ ജീവന്‍മരണ പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ആദ്യപാദ സെമിയില്‍ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്ക് റോമയെ മുട്ടുകുത്തിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡിനാണ് മുന്‍തൂക്കം. മറുഭാഗത്ത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഗണ്ണേഴ്‌സിനെ പരാജയപ്പെടുത്തിയ വിയ്യാറയലിന് രണ്ടാംപാദം നിര്‍ണായകമാണ്.
കപ്പടിക്കുമോ
മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ലീഗില്‍ വീണ്ടും കപ്പടിക്കാനുള്ള അവസരമാണ് യുണൈറ്റഡിന് ലഭിച്ചിരിക്കുന്നത്. പരിശീലകന്‍ സോള്‍ഷയര്‍ക്ക് ക്ലബിന് വേണ്ടി ആദ്യമായി പ്രമുഖ ലീഗില്‍ കപ്പടിക്കാനുള്ള അവസരവും. മുന്‍ സീസണുകളെ അപേക്ഷിച്ച് യുണൈറ്റഡ് ഇത്തവണ ഫുള്‍ ഫോമിലാണ്. കപ്പടിക്കാന്‍ വേണ്ടതെല്ലാം സോള്‍ഷെയല്‍ ഒരുക്കി കഴിഞ്ഞു.
മധ്യനിരിയില്‍ ബ്രൂണോ ഫെര്‍ണാണ്ടസും പോഗ്‌ബയും ചേരുമ്പോള്‍ തന്ത്രങ്ങള്‍ക്ക് കുറവുണ്ടാകില്ല. റാഷ്‌ഫോര്‍ഡും ഗ്രീന്‍വുഡും കവാനിയും മുന്നേറ്റങ്ങളുടെ കണിശത വര്‍ദ്ധിപ്പിക്കും. മധ്യനിരയില്‍ നിന്നെത്തി സീസണില്‍ ഗോളടിച്ച് മുന്നേറുന്ന ബ്രൂണോ എതിരാളികള്‍ക്ക് എപ്പോഴും ഭീഷണിയാണ്.
പ്രതീക്ഷകള്‍ മങ്ങി
മറുഭാഗത്ത് സീസണിലെ പ്രകടനത്തില്‍ നിരാശ മാത്രമെ റോമക്ക് ബാക്കിയുള്ളൂ. ഇതേ തുടര്‍ന്ന് പരിശീലകന്‍ ഫോന്‍സ്‌ക അടുത്ത സീസണില്‍ ഉണ്ടാകില്ലെന്ന് ഉറപ്പായി കഴിഞ്ഞു. ഫോന്‍സ്‌കക്ക് പകരം ഹോസെ മൗറിന്യോയാകും വരുന്ന സീസണില്‍ റോമയെ കളി പഠിപ്പിക്കുക.
വലിയ പ്രതീക്ഷകള്‍ ബാക്കിയാക്കാതെ റോമ ബൂട്ടണിയുമ്പോള്‍ ആശ്വാസ ജയം മാത്രമാകും പൊലോ ഫൊന്‍സേക്കയുടെ പ്രതീക്ഷ. കാര്‍ലസ് പെരസും ബോര്‍ജ മയോറാളും ചേര്‍ന്നതാണ് റോമയുടെ മുന്നേറ്റം. വമ്പന്‍ അട്ടിമറി നടന്നാലെ റോമയുടെ ഫൈനല്‍ പ്രതീക്ഷ ബാക്കിയാകൂ.
ജീവന്‍മരണ പോരാട്ടം
അതേസമയം വിയ്യാറയല്‍, ആഴ്‌സണല്‍ പോരാട്ടം കനക്കും. ആദ്യ പാദത്തില്‍ ആഴ്‌സണലിനെ 2-1ന് പരാജയപ്പെടുത്തിയ സ്‌പാനിഷ് ക്ലബിന് ഫൈനല്‍ ഉറപ്പാക്കണമെങ്കില്‍ മത്സരം സമനിലയില്‍ കലാശിക്കണം. ലീഗിന്‍റെ കലാശപ്പോരിന് ആദ്യമായി യോഗ്യത നേടാനുള്ള അവസരമാണ് ഇത്തവണ വിയ്യാറയലിന് ലഭിച്ചിരിക്കുന്നത്.
തുടര്‍ച്ചയായി രണ്ട് സീസണുകളില്‍ സ്ഥിരതയോടെ മുന്നേറുന്ന ക്ലബ് ഇത്തവണ ആഴ്‌സണലിന് വലിയ വെല്ലുവിളി ഉയര്‍ത്തും. സ്‌പാനിഷ് ലാലിഗയില്‍ ബാഴ്‌സലോണയെ ഉള്‍പ്പെടെ അട്ടിമറിച്ച എമിറിയുടെ ശിഷ്യന്‍മാര്‍ ആത്മവിശ്വാസത്തോടെയാണ് എമിറേറ്റ് സ്റ്റേഡിയത്തിലേക്ക് എത്തുന്നത്. ചുക്യേസും, മോറിനോയും ഉള്‍പ്പെടെ ആഴ്‌സണലിന് വലിയ വെല്ലുവളി ഉയര്‍ത്തും.
ആശങ്കയോടെ ആയുധപ്പുര
മറുഭാഗത്ത് ആഴ്‌സണല്‍ പരിക്കിന്‍റെ ആശങ്കയിലാണ്. മലേറിയ മുക്തനായ നായകന്‍ ഒബുമയാങ് പഴയ ഫോമിന്‍റെ നിഴലിലാണ്. കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ ഡാനി സെബല്ലോസിന് ഇന്ന് കളിക്കാനാകില്ല. രണ്ട് തവണ റണ്ണറപ്പായത് ഒഴിച്ചാല്‍ ഇതേവരെ ആഴ്‌സണലിന് യൂറോപ്പ ലീഗ് നേടാനായിട്ടില്ല.
ഇത്തവണ ക്ലബിന്‍റെ ഷെല്‍ഫില്‍ കപ്പെത്തിക്കാനുള്ള തന്ത്രങ്ങള്‍ ഒരുക്കുകയാണ് പരിശീലകന്‍ മൈക്കള്‍ അട്ടേര. ഹോം ഗ്രൗണ്ട് പോരാട്ടത്തില്‍ അട്ടേരക്ക് മേല്‍ക്കൈ നേടാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അവ ഫലവത്തായാല്‍ ആഴ്‌സണിലില്‍ ചരിത്രം കുറിക്കാന്‍ അട്ടേരക്കാവും. ഇരു മത്സരങ്ങളും വെള്ളിയാഴ്‌ച പുലര്‍ച്ചെ 12.30ന് നടക്കും.