കേരളം

kerala

By

Published : May 10, 2019, 3:36 AM IST

Updated : May 10, 2019, 5:04 AM IST

ETV Bharat / briefs

തൃശൂർ പൂരത്തിന് പഴുതടച്ച സുരക്ഷയൊരുക്കി ജില്ലാ ഭരണകൂടം

കനത്ത സുരക്ഷാസംവിധാനങ്ങളാണ് പൂരത്തിന്‍റെ ഭാഗമായി ഇക്കുറി ഒരുക്കിയിരിക്കുന്നത്

തൃശൂർ പൂരത്തിന് പഴുതടച്ച സുരക്ഷയൊരുക്കി ജില്ലാ ഭരണകൂടം

തൃശൂർ: തൃശൂര്‍ പൂരത്തിന് കനത്ത സുരക്ഷ ഒരുക്കി പൊലീസും, ജില്ല ആരോഗ്യ വകുപ്പും അഗ്നിസുരക്ഷാസേനയും. 3500 പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സുരക്ഷാചുമതല ഏര്‍പ്പെടുത്തിയിരിക്കുന്നത്. തേക്കിൻകാട് മൈതാനവും സ്വരാജ് റൗണ്ടും അഞ്ച് സെക്ടറുകളായി തിരിച്ച് നൂറ് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ഇതിന് പുറമെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളെ മൂന്ന് സെക്ടറുകളാക്കി തിരിച്ച് രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ സുരക്ഷയൊരുക്കും. ക്രമസമാധാനപാലനത്തിനായി നോർത്ത് സൗത്ത് എന്ന രീതിയിൽ തൃശൂർ നഗരത്തെ വിഭജിച്ച് രണ്ട് എസ്പിമാർക്ക് ചുമതല നൽകി.

പൂരത്തിന് ഫീൽഡ് ലെവൽ കൺട്രോൾ ടീമിനെ നിയോഗിച്ചാണ് ആരോഗ്യ വകുപ്പ് ഒരുങ്ങുന്നത്. വെടിക്കെട്ട് സമയം വടക്കുംനാഥൻ ശ്രീമൂലസ്ഥാനത്തിനു സമീപം ഫീൽഡ് ലെവൽ ടീമംഗങ്ങൾ സജ്ജമാകും. പൂരം കൺട്രോൾ റൂമിലേക്ക് മൂന്ന് ഷിഫ്റ്റായി ജീവനക്കാരെ നിയോഗിച്ചു കഴിഞ്ഞു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ സംഘമാണ് പൂരം കൺട്രോൾ റൂമിൽ സേവനം ചെയ്യുക. പൂരദിനത്തിൽ മൊബൈൽ മെഡിക്കൽ ടീമും സേവന സന്നദ്ധരായി രംഗത്തുണ്ടാകും. തൃശൂർ ജനറൽ ആശുപത്രിയിലും പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കും.

പാലക്കാട് റീജിയണൽ ഫയർ ഓഫീസറുടെ നേതൃത്വത്തിൽ രണ്ട് ജില്ലാ ഫയർ ഓഫീസർമാർ അഗ്നിസുരക്ഷാസേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. സ്റ്റേഷൻ ഓഫീസർക്കാണ് അഗ്നിസുരക്ഷാവാഹനങ്ങളുടെ ചുമതല.

ജില്ലാഭരണകൂടത്തിന്‍റെയും പെട്രോളിയം ആന്‍റ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷന്‍റെയും (പെസോ) ആഭിമുഖ്യത്തില്‍ പ്രത്യേക ദുരന്തനിവാരണ ശിൽപശാല നടത്തി. ജില്ലാകളക്ടർ ടി വി അനുപമയുടെ സാന്നിധ്യത്തിലായിരുന്നു ശിൽപശാല.

തൃശൂർ പൂരത്തിന് പഴുതടച്ച സുരക്ഷയൊരുക്കി ജില്ലാ ഭരണകൂടം
Last Updated : May 10, 2019, 5:04 AM IST

ABOUT THE AUTHOR

...view details