സംസ്‌ഥാനത്തെ 'എ വൺ' സ്റ്റേഷനുകളിൽ ഒന്നായ തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പദവിക്കൊത്ത പകിട്ടോടെയാണ് ഇപ്പോൾ തലയുയർത്തി നിൽക്കുന്നത്. സ്റ്റേഷന്‍റെ ഇരു ഭാഗങ്ങളിലേയും പ്രവേശന കവാടങ്ങൾ നവീകരിച്ചാണ് പ്രവർത്തനങ്ങൾ. പടിഞ്ഞാറെ കവാടം നവീകരിച്ചു, റോഡിന് വീതി കൂട്ടി, ഡിവൈഡറിൽ പൂന്തോട്ടവും പുൽത്തകിടിയുമൊക്കെയുണ്ട്. കൂടാതെ ആളുകൾ അനാവശ്യമായി ട്രാക്ക് മുറിച്ചുകടക്കാതിരിക്കാൻ ഇരുമ്പു വേലിയും സ്ഥാപിച്ചിട്ടുണ്ട്.
കഥകളിയും തെയ്യവും സപൈഡർമാനും ഒരു ചുവരിൽ , മോടി കൂട്ടി തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ
യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ നൽകുന്നതിനൊപ്പം സ്റ്റേഷന്‍റെ സൗന്ദര്യവത്ക്കരണവും നടപ്പിലാക്കിയിരിക്കുകയാണ് തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ അധികൃതർ. സ്റ്റേഷന്‍റെ ഭിത്തിയിൽ ഒരുക്കിയിരിക്കുന്ന റിയലിസ്റ്റിക് ചിത്രങ്ങൾ യാത്രക്കാരിൽ കൗതുകമുണർത്തുന്നവയാണ്.
സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരെ ആകർഷിക്കുന്ന വിധത്തിൽ ഒന്നാം പ്ലാറ്റ് ഫോമിലെ മതിലിൽ 350 അടി നീളത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളെ പ്രതിനിധാനം ചെയ്യുന്ന കലാരൂപങ്ങളും കാഴ്ചകളും ഒരുക്കിയിട്ടുണ്ട്. ഇതു മാത്രമല്ല രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലെ ലിഫ്റ്റിന്‍റെ ചുവരിൽ ഭിത്തി പിളർന്നു പുറത്തേക്കു വരുന്ന സ്പൈഡർമാന്‍റെ 3 ഡി ചിത്രം യാത്രക്കാരെ ഏറെ ആകർഷിക്കുന്നുണ്ട്.
കന്യാകുമാരിയിലെ മായാപുരി കമ്പനിയാണ് 3 ഡി ചിത്രങ്ങൾ സൗജന്യമായി സ്റ്റേഷൻ ചുവരിൽ ഒരുക്കിയിരിക്കുന്നത്. സ്റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് അടിയന്തര സാഹചര്യത്തിൽ ചികിത്സാ ആവശ്യത്തിനായി ഒരു ക്ലിനിക്കും ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലുണ്ട്. മുമ്പ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനു പഴികേട്ടിരുന്ന തൃശൂർ സ്റ്റേഷൻ മികച്ച സൗകര്യങ്ങൾക്കൊപ്പം യാത്രക്കാരെ മാനസികമായും ചേർത്തു നിർത്തുമ്പോൾ, പുതിയൊരു യാത്രാ സംസ്കാരമാണ് ജനങ്ങൾക്ക് ലഭിക്കുന്നത്.