കാസർകോട്: കാസർകോട് ലോക്സഭാ മണ്ഡലത്തിലെ തൃക്കരിപ്പൂർ 48ാം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്ത കെ ശ്യാംകുമാറിനെതിരെ കേസെടുക്കാൻ നിർദേശിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷൻ 171 വകുപ്പുകള്‍ പ്രകാരം പൊലീസിന് പരാതി നല്‍കി കേസെടുപ്പിക്കാനാണ് നിര്‍ദേശം. കുറ്റക്കാരായ പോളിങ് ഉദ്യോഗസ്ഥർക്കെതിരെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 134 പ്രകാരം അന്വേഷണം നടത്തി തുടർനടപടികൾക്കായി റിപ്പോർട്ട് നൽകാനും നിർദേശമുണ്ട്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പരാതിയിൽ അന്വേഷണം നടത്തി വസ്തുനിഷ്ഠമായ റിപ്പോർട്ട് നൽകാൻ ഏപ്രിൽ 27നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ കാസർകോട് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടത്.
തൃക്കരിപ്പൂർ കള്ളവോട്ട്: കേസെടുക്കാൻ നിർദേശം - fake vote
കലക്ടറുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം ശ്യാംകുമാർ വൈകിട്ട് 6.20നും 7.26 നുമായി രണ്ടുതവണ ബൂത്ത് നമ്പർ 48ൽ വോട്ട് ചെയ്തിട്ടുണ്ട്

ഇതനുസരിച്ച് കലക്ടർ പോളിങ് ഉദ്യോഗസ്ഥർ, അസിസ്റ്റൻറ് റിട്ടേണിങ് ഓഫീസർ, സെക്ടറൽ ഓഫീസർ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ദൃശ്യങ്ങളിൽ കണ്ടയാൾ ശ്യാംകുമാർ എന്നയാളാണെന്ന് ബൂത്ത് ലെവൽ ഓഫീസർ, സെക്ടറൽ ഓഫീസർ എന്നിവർ തിരിച്ചറിഞ്ഞതിനെത്തുടർന്ന് ഇയാളിൽ നിന്ന് മൊഴിയെടുത്തു. കലക്ടറുടെ റിപ്പോർട്ട് പ്രകാരം ശ്യാംകുമാർ വൈകിട്ട് 6.20നും 7.26 നുമായി രണ്ടുതവണ ബൂത്ത് നമ്പർ 48ൽ വോട്ട് ചെയ്തിട്ടുണ്ട്. ഇതുപ്രകാരം ഇയാൾ കള്ളവോട്ട് ചെയ്തതായി പ്രഥമദൃഷ്ട്യാ നിഗമനത്തിൽ എത്താമെന്ന് റിപ്പോർട്ടിൽ പറയുന്നു. ബൂത്തിലെ തിരക്ക് കാരണം വോട്ടിങ് വേഗത്തിലാകാൻ അധികമായി നിയോഗിച്ചിരുന്ന ഫസ്റ്റ് പോളിംഗ് ഓഫീസറുടെ മുന്നിലാണ് ശ്യാംകുമാർ രണ്ടുതവണയും മഷി പുരട്ടിയത്. എല്ലാസമയത്തും നാലോ അഞ്ചോ പോളിംഗ് ഏജന്‍റുമാർ ഈ പോളിങ് സ്‌റ്റേഷനിൽ ഉണ്ടായിരുന്നെങ്കിലും ആരും ഈ സംഭവം എതിർത്തില്ലെന്നും കലക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.