കേരളം

kerala

ETV Bharat / briefs

തെരഞ്ഞെടുപ്പ് റാലിക്കിടെ സംഘര്‍ഷം; പൊലീസില്‍ സുരക്ഷ തേടി ഊര്‍മിള മതോണ്ട്കർ - പൊലീസ് സുരക്ഷ

ബോറിവാലി സ്റ്റേഷന് പുറത്ത് ഊര്‍മിളയുടെ പ്രചാരണ പരിപാടിക്കിടെ ബിജെപി പ്രവര്‍ത്തകര്‍ മോദി അനുകൂല മുദ്രാവാക്യം വിളിക്കുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത് തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.

ഫയൽ ചിത്രം

By

Published : Apr 15, 2019, 8:42 PM IST

മുംബൈയ്: മുംബൈ നോര്‍ത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും നടിയുമായ ഊര്‍മിളയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ സംഘർഷം. ഒരു സംഘം ബിജെപി പ്രവർത്തകർ മോദി അനുകൂല മുദ്രാവാക്യങ്ങളുമായി എത്തിയതാണ് സംഘര്‍ഷ കാരണമെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. ബിജെപി പ്രവര്‍ത്തകര്‍ ഭയം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണ് ബിജെപി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ഊര്‍മിള മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഊർമ്മിള പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു.

തന്‍റെ റാലിക്കിടയിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ തള്ളികയറാന്‍ ശ്രമിച്ചുവെന്നും ഈ സാഹചര്യത്തില്‍ തന്‍റെ സുരക്ഷ അപകടത്തിലാണെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ അവര്‍ വ്യക്തമാക്കി. ഇത്തരം അക്രമങ്ങള്‍ തുടക്കം മാത്രമാണെന്നും തന്‍റെ ജീവന്‍പോലും അപകടത്തിലാകുമെന്ന ആശങ്കയുണ്ടെന്നും അവര്‍ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസമാണ് ഊര്‍മിള മതോണ്ട്കർ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഏപ്രില്‍ 29ന് നടക്കുന്ന നാലാംഘട്ട പോളിംഗിലാണ് മുംബൈയില്‍ വോട്ടെടുപ്പ്.

ABOUT THE AUTHOR

...view details