വോള്‍വ്സിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഗണ്ണേഴ്സ് - arsenal news
ആഴ്‌സണലിന്‍റെ തട്ടകത്തില്‍ പന്ത് തട്ടി പഠിച്ച ഇംഗ്ലീഷ് താരം ബുകായ സാകയാണ് വോള്‍വ്സിനെതിരായ മത്സരത്തില്‍ ആദ്യ ഗോള്‍ സ്വന്തമാക്കിയത്. താരം അടുത്തിടെ ഗണ്ണേഴ്‌സുമായുള്ള കരാര്‍ പുതുക്കിയിരുന്നു.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വോള്‍വ്സിനെതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് വിജയിച്ച് ആഴ്‌സണല്‍. 43-ാം മിനിട്ടില്‍ ഇംഗ്ലീഷ് കൗമാര താരം ബുകായ സാകയാണ് ആദ്യ ഗോള്‍ സ്വന്തമാക്കിയത്. അടുത്തിടെയാണ് താരം ക്ലബുമായുള്ള കരാര്‍ പുതുക്കിയത്. നിശ്ചിത സമയത്ത് കളി അവസാനിക്കാന്‍ നാല് മിനിട്ട് മാത്രം ശേഷിക്കെ ഫ്രഞ്ച് താരം അലക്സാണ്ടര്‍ ലകസറ്റും വോള്‍വ്സിന്‍റെ വല കുലുക്കി. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ 49 പോയിന്‍റുമായി ഏഴാം സ്ഥാനത്ത് തുടരുകയാണ് ആഴ്‌സണല്‍. ജൂലായ് എട്ടിന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റിയാണ് ആഴ്‌സണലിന്‍റെ എതിരാളികള്‍. തൊട്ടടുത്ത മത്സരങ്ങളില്‍ യഥാക്രമം ടോട്ടനത്തെയും ചാമ്പ്യന്‍മാരായ ലിവര്‍പൂളിനെയും മാഞ്ചസ്റ്റര്‍ സിറ്റയെയും ഗണ്ണേഴ്‌സ് നേരിടണം. ലീഗില്‍ ഇനി അഞ്ച് മത്സരങ്ങളാണ് ഗണ്ണേഴ്സിന് ബാക്കിയുള്ളത്. വലിയ പരീക്ഷണങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ആഴ്‌സണലിന്‍റെ ആയുധപ്പുര. ഈ വിജയം അതിനുള്ള തുടക്കമായി കാണുകയാണ് പുതിയ പരിശീലകന്‍ മൈക്കള്‍ അട്ടേര.