ന്യൂഡല്‍ഹി: കൊവിഡ് 19 കാരണം ടി-20 ലോകകപ്പ് മാത്രമല്ല പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ നടത്തിപ്പും ആശങ്കയിലായിരിക്കുകയാണ്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഒക്ടോബര്‍ 18 മുതല്‍ ആരംഭിക്കേണ്ട ലോകകപ്പിന്‍റെ കാര്യത്തില്‍ ഇതേവരെ ഐസിസി അന്തിമ തീരുമാനം എടുത്തിട്ടില്ല. അതേസമയം നിശ്ചിത സമയത്ത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പൂര്‍ത്തിയാക്കാനാകുമൊ എന്ന ആശങ്കയാണ് മറുവശത്ത് ഉയരുന്നത്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ സമയക്രമം ദൈര്‍ഘിപ്പിക്കുന്നത് ഐസിസിയുടെ പരിഗണനയിലാണ്. കൊവിഡ് 19 ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി നടക്കേണ്ടിയിരുന്ന പരമ്പരകള്‍ മാറ്റിവെച്ചതാണ് പുനരാലോചനക്ക് കാരണം. നേരത്തെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി നടക്കേണ്ട മത്സരങ്ങള്‍ നിര്‍ദിഷ്ട സമയത്ത് പൂര്‍ത്തിയാക്കാനാകില്ലെന്ന് വ്യക്തമാക്കി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്ത് വന്നിരുന്നു.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നിര്‍ദിഷ്‌ട സമയത്ത് പൂര്‍ത്തിയാക്കാനാകില്ല: ബിസിബിhttps://www.etvbharat.com/malayalam/kerala/briefs/brief-news/test-championship-cannot-be-completed-in-the-stipulated-time-bcb/kerala20200628212801896
അതേസമയം ഷെഡ്യൂള്‍ പുനക്രമീകരിക്കുക എളുപ്പമാകില്ലെന്ന് ഐസിസി അധികൃതര്‍ വ്യക്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി ഉഭയകക്ഷി പരമ്പരകളാണ് നടക്കുന്നത്. ഇതില്‍ ഏതെല്ലാം പരമ്പരകള്‍ നടത്തണമെന്ന കാര്യത്തില്‍ അംഗരാഷ്ട്രങ്ങള്‍ക്ക് അവരുടെതായ മുന്‍ഗണന ഉണ്ടാകും. അതിനാല്‍ തന്നെ പെട്ടെന്ന് ഷെഡ്യൂളില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. കൊവിഡ് 19 ഐസിസിയുടെ ഫ്യൂച്ചര്‍ ടൂര്‍ പ്രോഗ്രാമിനെ എത്രത്തോളം ബാധിച്ചുവെന്ന് വിലയിരുത്തിയ ശേഷമാകും അന്തിമ തീരുമാനം ഉണ്ടാവുകയെന്നും അധികൃതര്‍ പറഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ പോയിന്‍റ് പട്ടികയില്‍ 360 പോയിന്‍റുമായി ഇന്ത്യയാണ് ഒന്നാമത്. 296 പോയിന്‍റുമായി രണ്ടാം സ്ഥാനത്ത് ഓസ്ട്രേലിയയും.