ന്യൂഡല്‍ഹി: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ശേഷിക്കുന്ന മത്സരങ്ങള്‍ മുന്‍ നിശ്ചയിച്ച പ്രകാരം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. കൊവിഡ് 19നെ തുടര്‍ന്ന് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി കളിക്കേണ്ട എട്ട് മത്സരങ്ങള്‍ അനിശ്ചിതമായി മാറ്റിവെച്ച പശ്ചാത്തലത്തിലാണ് ബിസിബി ഇക്കാര്യം വ്യക്തമാക്കിയത്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നിര്‍ദിഷ്‌ട സമയത്ത് പൂര്‍ത്തിയാക്കാനാകില്ല: ബിസിബി - bcb news
കൊവിഡ് 19നെ തുടര്‍ന്ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായുള്ള എട്ട് മത്സരങ്ങളാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന് നഷ്ടമായത്.
പാകിസ്ഥാനെതിരെ ഏപ്രിലില്‍ നടക്കാനിരുന്ന മത്സരവും ഓസ്ട്രേലിയക്ക് എതിരെ ജൂണില്‍ നടക്കാനിരുന്ന മത്സരവും ന്യൂസിലന്‍ഡിന് എതിരായ രണ്ട് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയും ശ്രീലങ്കക്ക് എതിരായ മൂന്ന് മത്സരങ്ങളുള്ള പരമ്പരയുമാണ് കൊവിഡ് 19നെ തുടര്‍ന്ന് മാറ്റിവെച്ചത്. ചാമ്പ്യന്‍ഷിപ്പിന്‍റെ നിലവിലെ സമയക്രമത്തില്‍ ഇവ പൂര്‍ത്തിയാക്കുക അസാധ്യമാണെന്ന് ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. സമയക്രമം പുനര്‍നിര്‍ണയിക്കുക അല്ലാതെ വഴിയില്ലെന്ന് ബിസിബി ക്രിക്കറ്റ് ഓപ്പറേഷന്‍ ചെയര്‍മാന്‍ അക്രം ഖാന്‍ പറഞ്ഞു. ഇതിനായി ഐസിസിയുടെ ഭാഗത്ത് നിന്നും എന്ത് നടപടി ഉണ്ടാകുമെന്നാണ് അറിയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഫൈനല്‍ മത്സരത്തിന്‍റെ തീയതി നീട്ടിയാല്‍ നിലവില്‍ മാറ്റിവെച്ച മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയം ലഭിക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ നിസാമുദ്ദീന്‍ ചൗധരിയും വ്യക്തമാക്കി.
ഐസിസിയുടെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ടെസ്റ്റ് മത്സരങ്ങള്‍ സജീവമായി നലനിര്‍ത്തുക എന്ന ഉദ്ദേശത്തോടെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച ചാമ്പ്യഷിപ്പിന് ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന ഒമ്പത് രാഷ്ട്രങ്ങളാണ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമാകുന്നത്. രണ്ട് വര്‍ഷക്കാലയളവിനുള്ളില്‍ പൂര്‍ത്തിയാകുന്ന ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി ലീഗ് ഘട്ടത്തില്‍ ഓരോ ടീമും ആറ് വീതം പരമ്പര കളിക്കും. ഒരോ പരമ്പരയിലും ടീമുകള്‍ക്ക് 120 പോയിന്‍റ് വരെ സ്വന്തമാക്കാനാകും. പോയിന്‍റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനത്തുള്ളവര്‍ തമ്മിലാണ് ഫൈനല്‍ പോരാട്ടം നടക്കുക. നിലവില്‍ പോയിന്‍റ് പട്ടികയില്‍ 360 പോയിന്‍റുമായി ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. 296 പോയിന്‍റുമായി ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തും 180 പോയിന്‍റുള്ള ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തുമാണ്.