തിരുവനന്തപുരം:തന്‍റെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടിലെ എതിരഭിപ്രായം മാറ്റാന്‍ നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ സഹായിച്ചെന്ന് ടിക്കാറാം മീണ ഐ.എ.എസ്. കരുണാകരന്‍ സര്‍ക്കാരില്‍ ഭക്ഷ്യമന്ത്രി ടി.എച്ച് മുസ്‌തഫയുമായി ഗോതമ്പ് ഇടപാടിലുണ്ടായ ഉരസലിനെതുടര്‍ന്നാണ് കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ അദ്ദേഹം എതിരഭിപ്രായം രേഖപ്പെടുത്തിയത്. തന്‍റെ സര്‍വീസ് കാലഘട്ടം വിശദമായി പ്രതിപാദിക്കുന്ന 'തോല്‍ക്കില്ല ഞാന്‍' എന്ന ആത്മകഥയില്‍ ഇക്കാര്യം വിശദമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
'കേരളത്തെ ഉപേക്ഷിക്കാന്‍ കഴിയില്ല':35 വര്‍ഷത്തെ സിവില്‍ സര്‍വീസ് ജീവിതം പൂര്‍ത്തിയാക്കി അഡീഷണല്‍ ചീഫ് സെക്രട്ടറി പദത്തില്‍ നിന്നും വിരമിച്ച ശേഷം മലയാളികളുടെ പ്രിയപ്പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥനായ ടിക്കാറാം മീണ, ഇ.ടി.വി ഭാരതിനനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറി എ.കെ ആന്‍റണി എത്തി. മുതിര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം ആന്‍റണിയെ പലതവണ കണ്ട് പരാമര്‍ശം നീക്കണമെന്നാവശ്യപ്പെട്ടെങ്കിലും ചെയ്‌തില്ല.
പിന്നീട് നായനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ മന്ത്രിസഭ, പരാമര്‍ശം നീക്കി ആദ്യ ഉത്തരവിറക്കിയെന്നും അദ്ദേഹം പറഞ്ഞു. അത്രവേഗം കേരളത്തെ ഉപേക്ഷിക്കാന്‍ കഴിയില്ല. സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും ചുമതല ഏല്‍പ്പിച്ചാല്‍ ഏറ്റെടുക്കും. മടിച്ചുമടിച്ചാണ് 35 വര്‍ഷം മുന്‍പ് കേരളത്തിലെത്തിയതെങ്കിലും സംസ്ഥാനത്തെ വല്ലാതെ ഇഷ്‌ടപ്പെട്ടുപോയി.