താലിബാന്‍-അഫ്ഗാനിസ്ഥാന്‍ പ്രതിനിധി സംഘങ്ങളുടെ കൂടിക്കാഴ്ച ഇന്ന്; ലക്ഷ്യം സമാധാനം
താലിബാന്‍ നേതാവ് മുല്ലാ അബ്ദുല്‍ ഘാനി ബറാദര്‍, അഫ്ഗാനിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായ് തുടങ്ങിയവര്‍ പങ്കെടുക്കും
കാബൂള്‍: താലിബാന്‍- അഫ്ഗാനിസ്ഥാന്‍ പ്രതിനിധി സംഘങ്ങളുടെ കൂടിക്കാഴ്ച ഇന്ന് മോസ്കോയില്‍ ആരംഭിക്കും. അഫ്ഗാനിസ്ഥാനില്‍ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് താലിബാനുമായുള്ള രണ്ട് ദിവസത്തെ സമാധാന ചര്‍ച്ച നടക്കുന്നത്. താലിബാന്‍ നേതാവ് മുല്ലാ അബ്ദുള്‍ ഘാനി ബറാദറിന്‍റെ നേതൃത്വത്തിലുള്ള പതിനാലംഗ പ്രതിനിധിസംഘം ചര്‍ച്ചയില്‍ പങ്കെടുക്കും. 18 വര്‍ഷമായി അഫ്ഗാനില്‍ നീണ്ടുനില്‍ക്കുന്ന യുദ്ധം ചര്‍ച്ചയാകും. പാകിസ്ഥാനിലെ ജയില്‍വാസത്തിന് ശേഷം ഘാനി നടത്തുന്ന ആദ്യ വിദേശയാത്രയായിരിക്കും ഇത്. അഫ്ഗാനിസ്ഥാന്‍ മുന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായ്, ഹൈ പീസ് കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് കരീം ഖലീലി തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുക്കും.