ന്യൂഡൽഹി:കൊവിഡ്-19 സമയത്ത് തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തതിന് തടവിലായിരുന്ന തായ്‌ലൻഡിൽ നിന്നും നേപ്പാളിൽ നിന്നുമുള്ള 75 പേര്‍ക്ക് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. വിസ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നും മിഷനറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നും സർക്കാർ മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്നുമുള്ളതായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഗുർമോഹിന കൗർ ഇവര്‍ക്ക് 10,000 രൂപ വീതം വ്യക്തിഗത ബോണ്ടും നൽകി. ഇതുവരെ 33 വിവിധ രാജ്യങ്ങളിൽ നിന്നുള്ള 445 വിദേശ പൗരന്മാർക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. കേസിൽ 36 വിവിധ രാജ്യങ്ങളിൽ നിന്നുള്ള 956 വിദേശികൾക്കെതിരെ പൊലീസ് 59 കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്.
ശനിയാഴ്ച ജാമ്യം ലഭിച്ച പ്രതികൾ തിങ്കളാഴ്ച വീണ്ടും ഹര്‍ജി സമർപ്പിക്കുമെന്ന് അഭിഭാഷകരായ അഷിമ മണ്ട്ല, മന്ദാകിനി സിങ്, ഫാഹിം ഖാൻ എന്നിവർ പ്രതികള്‍ക്കായി ഹാജരായി. കുറ്റം സമ്മതിച്ചുകൊണ്ട് കുറഞ്ഞ ശിക്ഷയ്ക്കായി അപേക്ഷിക്കല്‍, ചുമത്തിയിട്ടുള്ള കുറ്റം സമൂഹത്തിന്‍റെ സാമൂഹിക-സാമ്പത്തിക അവസ്ഥയെ ബാധിക്കില്ല, 14 വയസിന് താഴെയുള്ള കുട്ടികള്‍ക്കോ സ്ത്രീകള്‍ക്കോ എതിരായ കുറ്റമല്ല എന്നിവ കാണിച്ചാണ് പ്രതികള്‍ തിങ്കളാഴ്ച വീണ്ടും ഹര്‍ജി സമര്‍പ്പിക്കാനൊരുങ്ങുന്നത്. കോടതി വാദം കേൾക്കുന്നതിനിടെ എല്ലാ വിദേശികളും വീഡിയോ കോൺഫറൻസിങിലൂടെ കോടതിയിൽ ഹാജരായി.
ചൊവ്വാഴ്ച 122 മലേഷ്യക്കാർക്കും 21 രാജ്യങ്ങളിൽ നിന്നുള്ള 91 വിദേശികൾക്കും ബുധനാഴ്ച എട്ട് രാജ്യങ്ങളിൽ നിന്നുള്ള 76 വിദേശികൾക്കും 82 ബംഗ്ലാദേശ് പൗരന്മാർക്കുമാണ് ജാമ്യം അനുവദിച്ചത്. കേസിലെ 956 വിദേശികൾക്കെതിരെ അന്വേഷണം പൂർത്തിയായതായും ഓരോരുത്തരും കുറ്റം ചെയ്തതായി കണ്ടെത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കൂടുതൽ അന്വേഷണം നടക്കുമെന്നും ഐഒ പറഞ്ഞു.
മാർച്ചിൽ നടന്ന പരിപാടിയിൽ ഈ വിദേശികൾ പങ്കെടുത്തിരുന്നു. തുടർന്നാണ് ഏപ്രിലിൽ രാജ്യത്തുടനീളം കൊവിഡ് -19 കേസുകൾ വർധിച്ചത്. നിസാമുദ്ദീൻ മർകസിലെ സമ്മേളനത്തില്‍ പങ്കെടുത്ത നൂറുകണക്കിന് തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍ക്ക് കൊവിഡ് പൊസിറ്റീവായിരുന്നു. കുറ്റപത്രങ്ങൾ അനുസരിച്ച്, എല്ലാ വിദേശികൾക്കെതിരെയും വിസ നിയമങ്ങൾ ലംഘിച്ചതിന് കേസെടുത്തിട്ടുണ്ട്. കൂടാതെ കൊവിഡ് -19 മഹാമാരി, എപ്പിഡെമിക് ഡിസീസ് ആക്റ്റ്, ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്റ്റ്, ക്രിമിനൽ പ്രൊസീജ്യർ സെക്ഷൻ 144 എന്നിവ പ്രകാരവുമാണ് കേസ് ചുമത്തിയിരിക്കുന്നത്. ഈ കുറ്റങ്ങൾക്കുള്ള ശിക്ഷ ആറുമാസം മുതൽ എട്ട് വർഷം വരെ തടവാണ്. കേന്ദ്രം പ്രതികളുടെ വിസ റദ്ദാക്കി കരിമ്പട്ടികയിൽപ്പെടുത്തി.
നിസാമുദ്ദീൻ മർകസിലെ തബ്‌ലീഗ് ജമാഅത്തിന്‍റെ സമ്മേളനത്തില്‍ വിദേശ പൗരന്മാർ ഉൾപ്പെടെ 9000 പേരാണ് പങ്കെടുത്തത്. പങ്കെടുത്തവരിൽ പലരും പിന്നീട് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രയായി. നിസാമുദ്ദീന്‍റെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാർച്ച് 31 ന് തബ്‌ലീഗ് ജമാഅത്ത് നേതാവ് മൗലാന സാദ് കാന്തൽവിക്കും മറ്റ് ആറ് പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പകർച്ചവ്യാധി രോഗ നിയമം, ദുരന്ത നിവാരണ നിയമം, വിദേശികള്‍ക്കുള്ള നിയമം തുടങ്ങി നിരവധി വകുപ്പുകൾ പ്രകാരമായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തത്. കൊവിഡ് -19 മൂലം സമ്മേളനത്തില്‍ പങ്കെടുത്തവരിൽ ചിലർ മരിച്ചതിനെത്തുടർന്ന് കൊലപാതക കുറ്റവും കാന്തൽവിക്കെതിരെ ചുമത്തിയിരുന്നു.