ആന്ധ്രാപ്രദേശ് നിയുക്ത മുഖ്യമന്ത്രി വൈഎസ് ജഗൻമോഹൻ റെഡ്‌ഡി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി അധ്യക്ഷൻ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി. ഈ മാസം 30ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജഗന്‍മോഹന്‍ റെഡ്ഡി ക്ഷണിച്ചു. ന്യൂഡല്‍ഹിയില്‍ ഔദ്യോഗിക വസതിയിലെത്തിയാണ് ജഗന്‍മോഹന്‍ റെഡ്ഡി മോദിയെ കണ്ടത്. സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിക്കുന്നതിന് പുറമെ തന്‍റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പുതിയ സര്‍ക്കാരിന്‍റെ ആവശ്യങ്ങളും ജഗന്‍മോഹന്‍ ചർച്ച ചെയ്തു.
ആന്ധ്രാപ്രദേശിന് പ്രത്യേക പദവി നൽകുന്നതും തെലങ്കാനയുമായുള്ള വിഭജനശേഷം സംസ്ഥാനത്തിന്‍റെ ധനകാര്യസ്ഥിതിയെക്കുറിച്ചും ജഗൻമോഹൻ റെഡ്‌ഡി പ്രധാനമന്ത്രിയുമായി ചർച്ച നടത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രയ്ക്ക് പ്രത്യേക പദവി നേടിയെടുക്കും എന്നതായിരുന്നു ജഗന്‍മോഹന്‍ റെഡ്ഡിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം. സംസ്ഥാനത്തിന് പ്രത്യേക പദവി ലഭിക്കാന്‍ സഹായിക്കുന്ന പാര്‍ട്ടിക്ക് കേന്ദ്രത്തില്‍ പന്തുണ നല്‍കുമെന്നും ജഗന്‍ പ്രഖ്യാപിച്ചിരുന്നു.
''ആന്ധ്രാപ്രദേശിന്‍റെ വികസനമുൾപ്പടെയുളള കാര്യങ്ങൾ ചർച്ച ചെയ്തു. മികച്ച കൂടിക്കാഴ്ചയായിരുന്നു ആന്ധ്രാ നിയുക്ത മുഖ്യമന്ത്രി ജഗൻമോഹനുമായി നടത്തിയത്. കേന്ദ്രസർക്കാരിന്‍റെ എല്ലാ സഹായങ്ങളും ജഗനുണ്ടാകുമെന്ന് ഉറപ്പ് നൽകി'', ജഗൻമോഹൻ റെഡ്‌ഡിയുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടന്ന ആന്ധ്രയിൽ മികച്ച വിജയമാണ് വൈഎസ്ആർ കോൺഗ്രസ് നേടിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 25ൽ 22 സീറ്റുകളും നിയമസഭയിൽ 175 ൽ 150 സീറ്റുമാണ് വൈഎസ്ആർ കോൺഗ്രസ് നേടിയത്.
കഴിഞ്ഞ അഞ്ച് വർഷക്കാലം കേന്ദ്രസർക്കാർ ആന്ധ്രയ്ക്ക് പ്രത്യേക പദവി വേണമെന്ന ആവശ്യം അംഗീകരിച്ചില്ല. ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇക്കാര്യം ചൂണ്ടിക്കാട്ടി നിവേദനം നൽകിയിരുന്നു. എന്നാൽ നിലവിൽ ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകാനാവില്ല എന്നായിരുന്നു കേന്ദ്രസർക്കാർ മറുപടി നൽകിയത്. ആന്ധ്ര, തെലങ്കാന വിഭജനകാലത്ത് 2013-ലാണ് യുപിഎ സർക്കാർ ആന്ധ്രയ്ക്ക് പ്രത്യേക പദവി വാഗ്ദാനം ചെയ്തത്. ഒരു ഭാഗം നഷ്ടമായതിനാലും തലസ്ഥാനമായ ഹൈദരാബാദ് പുതിയ സംസ്ഥാനത്തിന് നൽകിയതിനാലും ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകാമെന്നായിരുന്നു വാഗ്ദാനം.