ഹൈദരാബാദ്: 100 അമേരിക്കൻ പൗരന്മാരും 72 യുഎഇ പൗരന്മാരുമായി ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും രണ്ട് വിമാനങ്ങൾ പുറപ്പെട്ടു. കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്നെത്തിയ എയർ ഇന്ത്യയുടെ വിമാനം ഹൈദരാബാദിൽ നിന്നും 100 യുഎസ് പൗരന്മാരെ വഹിച്ചുകൊണ്ട് രാത്രി 7.23ന് ഡൽഹിയിലേക്ക് പുറപ്പെട്ടു. ഇവിടെ നിന്നും യുണൈറ്റഡ് എയർലൈൻസ് വഴി യാത്രക്കാരെ അമേരിക്കയിലെത്തിക്കും. ഷാർജയിൽ നിന്നും കൊച്ചി വഴി എത്തിയ എയർ അറേബ്യയിലാണ് യുഎഇ പൗരന്മാരെ നാട്ടിലേക്ക് അയച്ചത്. 72 പേരുമായി വിമാനം രാത്രി 9.01ന് ഷാർജയിലേക്ക് യാത്ര തിരിച്ചു. പൂർണമായും അണുവിമുക്തമാക്കിയ ടെർമിനലിലൂടെയാണ് രണ്ട് വിമാനങ്ങളിലെയും യാത്രക്കാരെ കടത്തിവിട്ടത്.
യുഎസ് പൗരന്മാരും യുഎഇ പൗരന്മാരും നാട്ടിലേക്ക്; ഹൈദരാബാദിൽ നിന്ന് വിമാനങ്ങൾ പുറപ്പെട്ടു
യുഎസ് പൗരന്മാരെ എയർ ഇന്ത്യയിലൂടെ ഡൽഹിയിൽ എത്തിച്ചു. അവിടെ നിന്ന് യാത്രക്കാർ അമേരിക്കയിലേക്ക് പുറപ്പെടും. ഷാർജയിൽ നിന്ന് കൊച്ചി വഴി എത്തിയ വിമാനം യുഎഇ പൗരന്മാരുമായി കഴിഞ്ഞ ദിവസം തന്നെ തിരിച്ചു.
യുഎസ്, യുഎഇ പ്രതിനിധികളുടെയും ഹൈദരാബാദ്, തെലങ്കാന സർക്കാരിന്‍റെയും കൂട്ടായ സഹകരണത്തിലാണ് തലസ്ഥാനനഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി യുഎസ്, യുഎഇ പൗരന്മാരെ വിമാനത്താവളത്തിലെത്തിച്ചത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള പ്രത്യേക പരിശോധനയും സുരക്ഷാ നടപടികളും വിമാനത്താവളത്തിൽ സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം അമേരിക്കയിലേക്കും അറബ് രാഷ്‌ട്രത്തിലേക്കും യാത്രക്കാരെ അയച്ചതോടെ 750 വിദേശ പൗരന്മാരെയാണ് ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്നും സ്വദേശത്ത് എത്തിച്ചിട്ടുള്ളത്. അതായത്, യുകെ, യുഎഇ, യുഎസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇതുവരെ പത്ത് വിമാനങ്ങൾ വിദേശത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.