തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലേക്ക് പുതുതലമുറ തിരികെ എത്തുന്ന കാലത്ത് നഗര ഹൃദയത്തിലെ കുന്നുകുഴി ഗവൺമെന്‍റ് യുപി സ്കൂളിലെ ഒന്നാം ക്ലാസിൽ പുതുതായി എത്തിയത് രണ്ടു കുട്ടികൾ മാത്രം. സ്കൂൾ തുറക്കുന്നതിന്‍റെ തലേ ദിവസം വരെ ഒരു കുട്ടി മാത്രമായിരുന്നു സ്കൂളില്‍ ചേരാനെത്തിയിരുന്നത്. ഇതുകാരണം സ്കൂളിലെ ഏഴ് അധ്യാപകരും നിരാശയിലായിരുന്നു. എന്നാൽ പ്രവേശനോത്സവം ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് മറ്റൊരു കുട്ടി കൂടി എത്തിയതോടെ നവാഗതരുടെ എണ്ണം രണ്ടായല്ലോ എന്ന ആശ്വാസത്തിലായി അധ്യാപകർ.
ഒന്നാം ക്ലാസില്‍ എത്തിയത് രണ്ട് പേര്‍ മാത്രം; പൊലിമ മങ്ങാതെ പ്രവേശനോത്സവം - കുന്നുകുഴി ഗവണ്‍മെന്‍റ് യു പി സ്കൂൾ
സ്കൂളില്‍ ആകെ 13 കുട്ടികള്‍ മാത്രമാണ് പഠിക്കുന്നത്
ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിലായി 13 കുട്ടികള്‍ മാത്രമാണ് ഇവിടെ പഠിക്കുന്നത്. കുട്ടികളുടെ എണ്ണം കുറവാണെങ്കിലും പ്രവേശനോത്സവം കെങ്കേമമായി തന്നെ ആഘോഷിച്ചു. മധുരം നൽകിയും തലപ്പാവ് അണിയിച്ചും അധ്യാപകർ കുരുന്നുകളെ വരവേറ്റു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങളും നൽകി. കുന്നുകുഴിയിലെയും പരിസരപ്രദേശങ്ങളിലെയും കുട്ടികൾക്ക് ഒരു കാലത്ത് ഏക ആശ്രയം ഈ സ്കൂളായിരുന്നു. എന്നാല്‍ ചുറ്റുപാടും സ്വകാര്യ സ്കൂളുകൾ വന്നതോടെ കുട്ടികളുടെ എണ്ണം കുറഞ്ഞുതുടങ്ങി. എങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ കുട്ടികൾ എത്തുമെന്ന പ്രതീക്ഷയിലാണ് സ്കൂളിലെ അധ്യാപകർ.