ശാരദ ചിട്ടി തട്ടിപ്പ്; സിബിഐയുടെ ഹർജിയിൽ വിധി
കൊൽകത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊൽകത്ത മുൻ പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ അനുമതി തേടി സിബിഐ നൽകിയ ഹർജിയിൽ ഇന്ന് സുപ്രീം കോടതി വിധി പറയും.
ബംഗാളിൽ വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാൻ കോടതി അനുമതി നൽകിയാൽ മമത സർക്കാരിന് അത് വലിയ ആഘാതമാകും. ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ തെളിവുകള്‍ നശിപ്പിച്ചു എന്ന് ആരോപിച്ചാണ് അന്വേഷണ സംഘം കൊല്‍ക്കത്ത മുന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനായി സിബിഐ അനുമതി തേടുന്നത്. രാജീവ് കുമാര്‍ മമത ബാനര്‍ജിയുമായി അടുത്ത ബന്ധമുള്ളയാളാണ്. ഇതാണ് മമതയെ സമ്മര്‍ദത്തിലാക്കുന്നത്. ബംഗാളില്‍ ഏറെ കോളിളക്കമുണ്ടാക്കിയ സംഭവമാണിത്.
മേയ് രണ്ടിനാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ച് സിബിഐയുടെ ഹർജിയിൽ വാദം കേട്ടത്. രാജീവ് കുമാറിനെ കസ്റ്റഡിയിൽ വിട്ടു തരാൻ വേണ്ട തെളിവുകൾ ഹാജരാക്കാൻ സുപ്രീം കോടതി ബെഞ്ച് സിബിഐയോട് ആവശ്യപ്പെട്ടു. എന്നാൽ സിബിഐയുടെ അപേക്ഷ രാജീവ് കുമാറിന്റെ അഭിഭാഷകൻ കോടതിയിൽ എതിർത്തിരുന്നു. വ്യാജ നിക്ഷേപ വാഗ്ദാനങ്ങളിലൂടെ പണം സമാഹരിച്ച് ഇരനൂറോളം സ്വകാര്യ കമ്പനികളുടെ കണ്‍സോര്‍ഷ്യമായ ശാരദ ഗ്രൂപ്പ് 17 ലക്ഷത്തോളം നിക്ഷേപകരെ വഞ്ചിച്ചതായാണ് കേസ്. ബംഗാളില്‍ നിന്ന് 4000 കോടി രൂപയോളം നിക്ഷേപകരില്‍ നിന്ന് തട്ടിയതായാണ് പരാതി.
തട്ടിപ്പിന്റെ സംസ്ഥാനാന്തര ബന്ധം വ്യക്തമാവുകയും രാജ്യാന്തര ബന്ധം സംശയിക്കുകയും രാഷ്ട്രീയ ബന്ധം സംബന്ധിച്ച് തെളിവുകള്‍ പുറത്തുവരുകയും ചെയ്ത സാഹചര്യത്തില്‍ 2014 മേയ് എട്ടിന് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടു.