മുംബൈ: ശ്രീലങ്ക എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ്, ഏകദിന പരമ്പയ്ക്കുള്ള 14 അംഗ ഇന്ത്യൻ ടീമില്‍ മലയാളി താരം സന്ദീപ് വാര്യർ ഇടം നേടി. ഐപിഎല്ലില്‍ തകർപ്പൻ പ്രകടനം കാഴ്ചവച്ച സ്പിന്നർമാരായ രാഹുല്‍ ചഹാറിനെയും ശ്രേയസ് ഗോപാലിനെയും ടെസ്റ്റ് ടീമില്‍ ഉൾപ്പെടുത്തി.
രണ്ട് ചതുർദിന മത്സരങ്ങളും അഞ്ച് ഏകദിന മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. ചതുർദിന മത്സരങ്ങൾക്കുള്ള ടീമിനെ ഇഷാൻ കിഷൻ നയിക്കുമ്പോൾ ഗുജറാത്ത് താരം പ്രിയാങ്ക് പഞ്ചലാണ് ഏകദിന ടീമിനെ നയിക്കുന്നത്. ടെസ്റ്റ് ടീമിന് പുറമെ ഏകദിന ടീമിലും സന്ദീപ് വാര്യർക്ക് അവസരം ലഭിച്ചിട്ടുണ്ട്. കേരളത്തിനായി കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത സന്ദീപ് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിക്കാൻ ലഭിച്ച അവസരം നന്നായി മുതലാക്കുകയും ചെയ്തു. എന്നാല്‍ ഐപിഎല്ലില്‍ രാജസ്ഥാൻ റോയല്‍സിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച മലയാളി താരം സഞ്ജു സാംസണെ ടീമില്‍ ഉൾപ്പെടുത്തിയില്ല. മെയ് 25നാണ് ആദ്യ ടെസ്റ്റ്.