കേരളം

kerala

ETV Bharat / briefs

ബാങ്കിന്‍റെ ജപ്തി ഭീഷണിയില്‍ നിന്ന് പ്രതികളിലേക്ക് വഴി തുറന്നത് ആത്മഹത്യാ കുറിപ്പ്

ഭര്‍ത്താവിനേയും ബന്ധുക്കളേയും കുറ്റപ്പെടുത്തുന്ന മരണക്കുറിപ്പ് കണ്ടെടുത്തതോടെ ജപ്തി നടപടിയെ ചുറ്റിപ്പറ്റി നടന്ന അന്വേഷണം ബന്ധുക്കളിലേക്ക് നീളുകയായിരുന്നു.

നെയ്യാറ്റിന്‍കര ആത്മഹത്യയില്‍ മരണക്കുറിപ്പ് വഴികാട്ടിയത് ബന്ധുക്കളിലേക്ക്

By

Published : May 15, 2019, 9:49 PM IST

തിരുവനന്തപുരം: വായ്പ തിരിച്ചടക്കാനുള്ള സമയപരിധി ഇന്നലെ അവസാനിക്കാനിരിക്കെയാണ് നെയ്യാറ്റിന്‍കരയില്‍ ലേഖയും മകള്‍ വൈഷ്ണവിയും തീകൊളുത്തി ആത്മഹത്യ ചെയ്തത്. തിരിച്ചടവിന് ബാങ്ക് അധികൃതര്‍ നിരന്തരം സമ്മര്‍ദം ചെലുത്തുന്നതായി ഭര്‍ത്താവ് ചന്ദ്രനും അമ്മ കൃഷ്ണമ്മയും ആരോപിച്ചതോടെ ഇരുവരുടേയും മരണത്തിന് പിന്നില്‍ ബാങ്കിന്‍റെ സമ്മര്‍ദമാണെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. നെയ്യാറ്റിന്‍കര കാനറാ ബാങ്ക് ശാഖയില്‍ നിന്നും ഭവന വായ്പയായി അഞ്ച് ലക്ഷം രൂപയാണ് ഇവര്‍ എടുത്തിരുന്നത്. പലിശ സഹിതം ഇപ്പോള്‍ ആറുലക്ഷത്തി എണ്‍പതിനായിരം രൂപയായി. വിദേശത്തെ ജോലി ഭര്‍ത്താവിന് നഷ്ടമായതോടെ കുടുംബം സമ്മര്‍ദത്തിലായിരുന്നു. ഭൂമി വിറ്റ് വായ്പ തിരിച്ചടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തിരിച്ചടവ് മുടങ്ങിയതോടെ കോടതിയില്‍ കേസ് കൊടുത്തിരുന്നു.

ജപ്തി ഭീഷണിയെ തുടര്‍ന്ന് ഭാര്യയും മകളും കടുത്ത മാനസിക സമ്മര്‍ദത്തില്‍ ആയിരുന്നെന്നും തിരിച്ചടവിനുള്ള രേഖയില്‍ കക്ഷിയല്ലാത്ത മകളുടേയും ഒപ്പ് ബാങ്ക് അധികൃതര്‍ വാങ്ങിയെന്നും ചന്ദ്രന്‍ ആരോപിച്ചു. ബാങ്കില്‍ നിന്ന് നിരന്തരം വിളികള്‍ വന്നിരുന്നതായി ചന്ദ്രന്‍റെ അമ്മയും പറഞ്ഞു. മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും ജപ്തി നടപടികളുമായി മുന്നോട്ട് പോയെന്ന് പറഞ്ഞ് രാഷ്ട്രീയ നേതാക്കളും പ്രതികരണവുമായി രംഗത്തെത്തി. സമൂഹമാധ്യമങ്ങളില്‍ ബാങ്കിനെതിരെ രോഷമുയര്‍ന്നു. ഇവരുടെ ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞ ബാങ്ക് അധികൃതര്‍ കുടുബത്തിന് വായ്പ തിരിച്ചടക്കാന്‍ സാവകാശം നല്‍കിയിരുന്നതായും വ്യക്തമാക്കി. കുടുംബത്തെ സമ്മര്‍ദത്തിലാക്കിയിട്ടില്ലെന്നും ഇനിയും ഇളവ് നല്‍കാന്‍ തയ്യാറാണെന്നും അറിയിച്ചു. എന്നാല്‍ ചന്ദ്രന്‍റെ ആരോപണം ശരിവെച്ച അന്വേഷണ റിപ്പോര്‍ട്ടാണ് തിരുവനന്തപുരം ജില്ലാ കലക്ടര്‍ നല്‍കിയത്. ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്ന് അനാവശ്യ തിടുക്കമുണ്ടായെന്ന് കലക്ടറും സ്ഥിരീകരിച്ചതോടെ ബാങ്കിനെതിരെ ജനരോഷം ഉയര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാങ്ക് ആക്രമിച്ച് ഉപകരണങ്ങള്‍ അടിച്ചുതകര്‍ത്തു. ബാങ്ക് മാനേജര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യമുയര്‍ന്നെങ്കിലും ശാസ്ത്രീയ പരിശോധന വരെ കാത്തിരിക്കണമെന്നായിരുന്നു പൊലീസിന്‍റെ നിലപാട്.

ആത്മഹത്യക്ക് പിന്നാലെ സീല്‍ ചെയ്ത വീട്ടില്‍ ഫോറന്‍സിക് വിദഗ്ദരെത്തി തെളിവുകള്‍ ശേഖരിച്ചു. ഇതിന് പിന്നാലെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതോടെ ജപ്തി ഭീഷണിയെ ചുറ്റിപ്പറ്റി നടന്ന പൊലീസ് അന്വേഷണം കുടുംബ പ്രശ്നങ്ങളിലേക്ക് വഴിമാറി. ഭര്‍ത്താവിനേയും അമ്മയേയും അഭിഭാഷക കമ്മീഷനേയും കുറ്റപ്പെടുത്തുന്ന മൂന്നു പേജുള്ള കുറിപ്പ് ആത്മഹത്യ ചെയ്ത മുറിയിലെ ഭിത്തിയില്‍ ഒട്ടിച്ച നിലയിലായിരുന്നു. ജപ്തി നോട്ടീസ് ലഭിച്ചിട്ടും ഭര്‍ത്താവ് ഒന്നും ചെയ്തില്ലെന്നും വായ്പ തിരിച്ചടക്കാനായി വസ്തു വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവിന്‍റെ അമ്മ കൃഷ്ണമ്മ തടസം നിന്നെന്നും കുറിപ്പില്‍ പറയുന്നു. മെയ് 14 ന് തുക തിരിച്ചടക്കണമെന്ന് അഭിഭാഷക കമ്മീഷന്‍ എഴുതി വാങ്ങിയതായും ഇടപാടില്‍ കക്ഷിയല്ലാത്ത മകളെ കൊണ്ട് ഒപ്പിടുവിപ്പിച്ചെന്നും കുറ്റപ്പെടുത്തുന്നു. തന്നെയും മകളേയും കുറിച്ച് അപവാദം പ്രചരിപ്പിച്ചതായും സ്ത്രീധനത്തിന്‍റെ പേരില്‍ നിരന്തരം ഭീഷണികള്‍ ഉയര്‍ന്നിരുന്നെന്നും ലേഖ കുറിപ്പില്‍ വ്യക്തമാക്കുന്നു. വീട്ടില്‍ മന്ത്രവാദം നടക്കുന്നുവെന്നും ചന്ദ്രന്‍ മറ്റൊരു വിവാഹത്തിന് ശ്രമിച്ചെന്നും കുറിപ്പില്‍ ആരോപിച്ചു.

മരണക്കുറിപ്പ് പുറത്ത് വന്നതോടെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ചന്ദ്രന്‍ നിഷേധിച്ചു. താന്‍ മന്ത്രവാദം നടത്തിയിട്ടില്ലെന്നും ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയിട്ട് ആറുമാസം മാത്രമേ ആയിട്ടുള്ളൂവെന്നും ചന്ദ്രന്‍ പറഞ്ഞു. എന്നാല്‍ തന്‍റെ അമ്മയും ഭാര്യയും തമ്മില്‍ നിരന്തരം വഴക്കിട്ടിരുന്നതായി ഇയാള്‍ സമ്മതിച്ചു. പിന്നാലെ ചന്ദ്രനേയും അമ്മ കൃഷ്ണമ്മയേയും ബന്ധുക്കളായ ശാന്ത, കാശിനാഥന്‍ എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ലേഖയുടേയും വൈഷ്ണവിയുടേയും മൃതദേഹങ്ങള്‍ സംസ്കരിച്ചെങ്കിലും ഇരുവരുടേയും മരണത്തിലെ ദുരൂഹതകള്‍ അവസാനിച്ചിട്ടില്ല.

ABOUT THE AUTHOR

...view details