ബ്രൈറ്റണ്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ എവേ മത്സരത്തില്‍ ബ്രൈറ്റണെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ലിവര്‍പൂള്‍. ഈജിപ്ഷ്യന്‍ മുന്നേറ്റ താരം മുഹമ്മദ് സാലയുടെ ഇരട്ട ഗോളുകളുടെ സഹായത്തോടെയാണ് ചെമ്പടയുടെ വിജയം. ആദ്യ പകുതിയിലെ ആറാം മിനിട്ടിലും രണ്ടാം പകുതിയിലെ 76-ാം മിനിട്ടിലുമാണ് സാല എതിരാളികളുടെ വല ചലിപ്പിച്ചത്. ആദ്യ പകുതിയിലെ എട്ടാം മിനിട്ടില്‍ നായകന്‍ ഹെന്‍ഡേഴ്സണും ചെമ്പടക്കായി ഗോള്‍ സ്വന്തമാക്കി. 45-ാം മിനിട്ടില്‍ ലിയാന്‍ഡ്രോ ട്രൊസാര്‍ഡാണ് ബ്രൈറ്റണായി ആശ്വാസ ഗോള്‍ നേടിയത്.
സാലക്ക് ഇരട്ട ഗോള്‍; ലിവര്‍പൂളിന് ജയം - സാല വാര്‍ത്ത
ബ്രൈറ്റണിനെതിരായ മത്സരത്തില്‍ ഇരട്ടഗോള്‍ സ്വന്തമാക്കി ഈജിപ്ഷ്യന്‍ മുന്നേറ്റ താരം മുഹമ്മദ് സാല.
ജയത്തോടെ ചെമ്പടയുടെ കുപ്പായത്തില്‍ പ്രീമിയര്‍ ലീഗില്‍ 100 ഗോളുകളുടെ ഭാഗമായ താരങ്ങളുടെ ക്ലബില്‍ മുഹമ്മദ് സാലയും അംഗമായി. 73 ഗോളുകളും 27 അസിസ്റ്റുകളുമാണ് സാലയുടെ അക്കൗണ്ടിലുള്ളത്. ട്രെന്‍ഡ് അലക്‌സാണ്ടര്‍, കെവിന്‍ ഡിബ്രൂണി എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയത്. ലിവര്‍പൂളിനായി ഇതേവരെ വിവധ ടൂര്‍ണമെന്‍റുകളിലായി 148 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ സാല 94 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. 2017ലാണ് സാല ആന്‍ഫീല്‍ഡില്‍ എത്തുന്നത്. 2019ല്‍ ചെമ്പടക്കായി ഫിഫ ക്ലബ് ലോകകപ്പും യുവേഫ സൂപ്പര്‍ കപ്പും ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കിയപ്പോള്‍ 2020-ല്‍ മൂന്ന് പതിറ്റാണ്ടിന്‍റെ കാത്തിരിപ്പിനൊടുവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ലിവര്‍പൂളിന്‍റെ ഷെല്‍ഫില്‍ എത്തിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചു. ജൂലായ് 11ന് നടക്കുന്ന അടുത്ത മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍ ബേണ്‍ലിയെ നേരിടും.