സംവിധായകൻ റോഷൻ ആൻഡ്രൂസിന് വിലക്കേർപ്പെടുത്തി നിർമ്മാതാക്കളുടെ സംഘടന. നിർമ്മാതാവ് ആല്‍വിൻ ആന്‍റണിയെയും കുടുംബത്തെയും വീട്ടില്‍ കയറി മർദ്ദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
റോഷൻ ആൻഡ്രൂസിന് നിർമ്മാതാക്കളുടെ സംഘടനയില്‍ നിന്നും വിലക്ക്
റോഷന്‍റെ സിനിമ ചെയ്യുന്നവർ അസോസിയേഷനുമായി ബന്ധപ്പെടണമെന്നും സംഘടന നിർദ്ദേശം നല്‍കിയിട്ടുണ്ട്.
റോഷൻ ആൻഡ്രൂസും പതിനഞ്ചോളം ഗുണ്ടകളും ചേർന്ന് തന്നെയും കുടുംബത്തെയും വീട് കയറി ആക്രമിച്ചുവെന്ന് ആരോപണവുമായി ആല്‍വിൻ ആന്‍റണി രംഗത്ത് വന്നിരുന്നു. ശനിയാഴ്ച്ച രാത്രി 12 മണിയോടെയായിരുന്നു ആല്‍വിന്‍ റെവീടിന് നേരെ ആക്രമണം ഉണ്ടായത്. വീട്ടിലുണ്ടായിരുന്ന തന്‍റെ സുഹൃത്തായ ഡോക്ടറെയും റോഷന്‍റെ നേതൃത്വത്തില്‍ എത്തിയ ഗുണ്ടകള്‍ ആക്രമിച്ചെന്നും സ്‌കൂളില്‍ പോകുന്ന തന്‍റെ മകളെ പോലും വെറുതെ വിട്ടില്ലെന്നും ആല്‍വിന്‍ വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ ഡിജിപിക്ക് പരാതിയും നല്‍കിയിരുന്നു. ഈ അവസരത്തിലാണ് നിര്‍മ്മാതാക്കളുടെ സംഘടന സംവിധായകന് വിലക്കേര്‍പ്പെടുത്തിയത്.
റോഷന്‍റെ സഹസംവിധായികയായ ഒരു പെൺകുട്ടിയുമായി മകനുണ്ടായിരുന്ന സൗഹൃദമാണ് വൈരാഗ്യത്തിന് കാരണമെന്ന് ആല്‍വിൻ വെളിപ്പടുത്തിയിരുന്നു. എന്നാല്‍ ആരോപണങ്ങൾ വ്യാജമാണെന്നും ആക്രമണത്തിനിരയായത് താൻ ആണെന്നുമായിരുന്നു റോഷൻ ആൻഡ്രൂസിന്‍റെ പ്രതികരണം. ആല്‍വിനും കൂട്ടുകാരും തന്നെ മർദ്ദിച്ചുവെന്ന് കാണിച്ച് റോഷൻ ആൻഡ്രൂസും പരാതി നല്‍കിയിട്ടുണ്ട്.