മാഞ്ചസ്റ്റര്‍:ഇംഗ്ലീഷ് ഓള്‍റൗണ്ടർ സാം കുറാന് പരിശോധനയില്‍ കൊവിഡ് 19 നെഗറ്റീവെന്ന് കണ്ടെത്തി. കൊവിഡ് 19 ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് കുറാന്‍ സ്വയം ഹോട്ടല്‍ മുറിയില്‍ ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് 19 നെഗറ്റീവെന്ന് കണ്ടെത്തിയത്. ജൂലായ് എട്ടിന് വെസ്റ്റ് ഇന്‍ഡീസിന് എതിരെ നടക്കുന്ന ടെസ്റ്റിനുള്ള ഇംഗ്ലീഷ് ടീമില്‍ അംഗമാണ് കുറാന്‍. അതേസമയം കുറാന് വൈറസ് ബാധ ഉണ്ടായിരിക്കാമെന്ന നിഗമനത്തിലാണ് ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ആദ്യത്തെ ടെസ്റ്റില്‍ നെഗറ്റീവെന്ന് റിസല്‍ട്ട് ലഭിച്ചെങ്കിലും കൂടുതല്‍ പരിശോധന നടത്താനാണ് ബോര്‍ഡ് നീക്കം നടത്തുന്നത്.
സ്രവപരിശോധനാ ഫലം വന്നു; സാം കുറാന് കൊവിഡില്ല
അതേസമയം കൂടുതല്‍ പരിശോധന നടത്തിയ ശേഷമെ ഓള്‍റൗണ്ടര്‍ സാം കുറാന് കൊവിഡ് 19 ഇല്ലെന്ന് സ്ഥിരീകരിക്കാനാകൂ എന്ന നിഗമനത്തിലാണ് ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്.
കൊവിഡ് 19 ലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ താരത്തിന് വെള്ളിയാഴ്ചത്തെ സന്നാഹ മത്സരം നഷ്ടമായിരുന്നു. അടുത്ത 48 മണിക്കൂറിന് ശേഷം കുറാന്‍ പരിശീലനം പുനരാരംഭിച്ചേക്കും. അതുവരെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും അദ്ദേഹം. ഞായറാഴ്‌ച കുറാനെ വീണ്ടും കൊവിഡ് 19 ടെസ്റ്റിന് വിധേയനാക്കും.
വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരക്ക് ജൂലായ് എട്ടിന് സതാംപ്റ്റണില്‍ തുടക്കമാകും. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയാണ് വിന്‍ഡീസിനെതിരെ ഇംഗ്ലീഷ് ടീം കളിക്കുക. കൊവിഡ് 19നെ തുടര്‍ന്ന് സ്തംഭിച്ച ക്രിക്കറ്റ് ലോകത്ത് പുനരാരംഭിക്കുന്ന ആദ്യ മത്സരമാണ് ഇത്. വിന്‍ഡീസിന് എതിരായ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ജൂണ്‍ 23 തീയതി മുതലാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ടീം പരിശീലനം പുനരാരംഭിച്ചത്.